കൊലപാതക ദൃശ്യങ്ങള്‍ ഭീകരര്‍ പാകിസ്താനിലേക്ക് അയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വെട്ടിമുറിച്ച ഭീകരര്‍, കൊലപാതകത്തിന്റെ 37 സെക്കന്‍ഡ് വീഡിയോ പാകിസ്താനിലേക്ക് അയച്ചുകൊടുത്തതായി പോലീസ്. ലഷ്‌കറെ ഭീകരന്‍ സൊെഹെല്‍ എന്നയാള്‍ക്കാണ് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത്. കൊല്ലപ്പെട്ടത് ആദര്‍ശ് നഗര്‍ സ്വദേശിയായ 21 വയസുകാരനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൈയില്‍ പച്ചകുത്തിയിരുന്ന തൃശൂലം അടയാളത്തില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍, ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതു വരെ പുറത്തു വിട്ടിട്ടില്ല.
അറസ്റ്റിലായ ജഗജിത് സിങ് (ജഗ്ഗ), നൗഷാദ് എന്നിവര്‍ യുവാവുമായി സൗഹൃദം സ്ഥാപിച്ചു ഡിസംബര്‍ 14 നു ഭല്‍സ്വാര ഡയറി മേഖലയിലെ നൗഷാദിന്റെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം എട്ടു തുണ്ടങ്ങളാക്കി മുറിച്ചു. വരും ദിവസങ്ങളില്‍ വലിയ ഭീകരാക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നെന്നും അറസ്‌റ്റോടെ അത് ഒഴിവായെന്നും ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ അഡീഷണല്‍ കമ്മിഷണര്‍ പ്രമോദ് കുശവാഹ പറഞ്ഞു.

ഹിന്ദു സംഘടനാനേതാക്കളെ കൊലപ്പെടുത്താന്‍ സൊെഹെല്‍, നൗഷാദിനോട് ആവശ്യപ്പെട്ടിരുന്നുതായും പോലീസ് പറഞ്ഞു. സിഖ് വിഘടനവാദ ഗ്രൂപ്പായ ഖാലിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ശക്തപ്പെടുത്താന്‍ കാനഡയിലുള്ള ചിലരാണു ജഗജിത് സിങിനെ ചുമതലപ്പെടുത്തിയത്. കാനഡയിലുള്ള ആര്‍ഷദീപ് ഡല്ല എന്ന ഖാലിസ്ഥാന്‍ ഭീകരനുമായി ജഗജിത് സിങിനു ബന്ധമുണ്ടെന്നും സംശയിക്കുന്നു. കൊല്ലപ്പെട്ട യുവാവ് മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു.
കൊലപാകത്തിനായി നൗഷാദിന്റെ അക്കൗണ്ടിലേക്കു ഖത്തറിലുള്ള ബന്ധു വഴി രണ്ടുലക്ഷം രൂപ എത്തിയിരുന്നു. ക്രൂരമായ കൊലപാതകത്തിനു പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്കു പങ്കുണ്ടോയെന്നും അന്വേഷിക്കും.
ഹര്‍ക്കത്തുല്‍ അന്‍സാര്‍ എന്ന ഭീകരസംഘടനയുമായി ബന്ധമുള്ള നൗഷാദ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ വളരെക്കാലം ജയിലിലായിരുന്നു. ജയിലില്‍വച്ച് ഇയാള്‍ ചെങ്കോട്ട ആക്രമണക്കേസ് പ്രതി ആരിഫ് മുഹമ്മദിനെയും ലഷ്‌കറെ ഭീകരന്‍ സൊെഹെലിനെയും കണ്ടു. 2018 ല്‍ സൊെഹെല്‍ പാകിസ്താനിലേക്കു പോയി.

കഴിഞ്ഞ വര്‍ഷം ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം നൗഷാദ് സെെഹെലുമായി സമ്പര്‍ക്കം നിലനിര്‍ത്തി. ഉത്തരാഖണ്ഡിലെ ഒരു കൊലപാതകക്കേസില്‍ ശിക്ഷയനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയതാണ് ഇയാള്‍. പ്രതികളില്‍നിന്നു മൂന്നു പിസ്റ്റളുകളും രണ്ടു ഹാന്‍ഡ് ഗ്രനേഡുകളും 22 കാട്രിഡ്ജുകളും പിടിച്ചെടുത്തിട്ടുണ്ട്. 2020 ല്‍ വര്‍ഗീയസംഘര്‍ഷമുണ്ടായ ജഹാംഗിര്‍പുരിയിലാണ് ഇവര്‍ തമാസിക്കുന്നത്. എന്നാല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ചു സൂചന ലഭിച്ചിരുന്നില്ല. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി ഡല്‍ഹി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണു ഭീകരപ്രവര്‍ത്തനം സംശയിച്ചു നൗഷാദിനെയും ജഗ്ഗുവിനെയും അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ കൊലപാതകത്തിന്റെ വിവരം ലഭിക്കുകയും തുടര്‍ന്നുനടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. തങ്ങളെ ഏല്‍പ്പിച്ച ജോലി ചെയ്യാന്‍ ശേഷിയുണ്ടെന്നു പാകിസ്താനിലുള്ള സൂത്രധാരന്‍മാരെ ബോധ്യപ്പെടുത്തുകയായിരുന്നു യുവാവിന്റെ കൊലപാതകത്തിലൂടെ ഇവര്‍ ലക്ഷ്യമിട്ടതെന്നു സംശയിക്കുന്നതായി ഡല്‍ഹി പോലീസിലെ അഡീഷണല്‍ കമ്മിഷണര്‍ പ്രമോദ് കുശവാഹ പറഞ്ഞു. വരുംമാസങ്ങളില്‍ ചില സംഘടനാനേതാക്കളെ വധിക്കാന്‍ ഇവര്‍ പട്ടിക തയാറാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →