അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുന്‍ പാര്‍ലമെന്റ് അംഗമായ വനിതയെയും അംഗരക്ഷകനെയും അജ്ഞാതരായ അക്രമി സംഘം വെടിവച്ചുകൊന്നു. തലസ്ഥാന നഗരമായ കാബൂളിലെ വീട്ടിലാണ് മുന്‍ എം.പി. മുര്‍സല്‍ നബിസാദ ആക്രമിക്കപ്പെട്ടതെന്നു പോലീസ് അറിയിച്ചു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം കാബൂളില്‍ തുടരുന്ന ചുരുക്കം പ്രമുഖരിലൊരാളാണ് നബിസാദ. താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം കാബൂളില്‍ മുന്‍ ഭരണകൂടത്തിലെ ഒരംഗം കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണ്. ശനിയാഴ്ച പുലര്‍ച്ചെ 3-ന് മുര്‍സല്‍ നബിസാദയും അവരുടെ ഗാര്‍ഡും മുറിയില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

വെടിവയ്പ്പില്‍ മുര്‍സല്‍ നബിസാദയുടെ സഹോദരനായ രണ്ടാമത്തെ സെക്യൂരിറ്റി ഗാര്‍ഡിനു പരുക്കേല്‍ക്കുകയും മൂന്നാമത്തെ സെക്യൂരിറ്റി ഗാര്‍ഡ് പണവും ആഭരണങ്ങളുമായി സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു. വെടിവയ്പ്പിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Share
അഭിപ്രായം എഴുതാം