ഭുവനേശ്വര്‍/റൂര്‍ക്കല: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം. പൂള്‍ ഡി മത്സരത്തില്‍ ഇന്ത്യ സ്‌പെയിനെ 2-0 ത്തിനു തോല്‍പ്പിച്ചു. ഇന്ത്യക്ക് വേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങും ഗോളടിച്ചു. ജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇം ണ്ടാണ് ഒന്നാമത്. ഇം ണ്ടിനും മൂന്ന് പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ മുന്നിലെത്തി. ഇം ണ്ട് വെയില്‍സിനെ 5-0 ത്തിനു തകര്‍ത്തിരുന്നു. സ്‌പെയിനെതിരേ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തി. ഇന്ത്യ നിരന്തരം ആക്രമിച്ച് കളിച്ചു. 12-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കാന്‍ ഇന്ത്യക്കായില്ല. 13-ാം മിനിറ്റില്‍ ഗോളടിച്ചു. അമിത് രോഹിദാസാണു വലകുലുക്കിയത്. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. ലോകകപ്പിലെ ഇന്ത്യയുടെ 200-ാം ഗോള്‍ കൂടിയാണിത്.
ലോകകപ്പില്‍ 200 ഗോളുകളടിക്കുന്ന നാലാമത്തെ രാജ്യമാണ്. വൈകാതെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു. രണ്ടാം ക്വാര്‍ട്ടറിന്റെ 11-ാം മിനിറ്റില്‍ സ്പെയിനിന്റെ ഗോളെന്നുറച്ച ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പാഥക് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഇന്ത്യയുടെ വക അടുത്ത ഗോള്‍. 12-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങ് വലകുലുക്കി. മികച്ച മുന്നേറ്റത്തിലൂടെയാണ് താരത്തിന്റെ ഗോള്‍ വന്നത്. മൂന്നാം ക്വാര്‍ട്ടറിന്റെ മൂന്നാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വെച്ച് സ്പെയിനിന്റെ ഫൗളിനു റഫറി പെനാല്‍റ്റി വിധിച്ചു. ഹര്‍മന്‍ പ്രീതിന്റെ സ്‌ട്രോക്ക് സ്പാനിഷ് ഗോള്‍ കീപ്പര്‍ അഡ്രിയാന്‍ റാഫി ഗോള്‍ ലൈനില്‍ തടഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ഗോളിനായി വാദിച്ചതോടെ റഫറി ഇത് വീഡിയോ റഫറിക്ക് കൈമാറി. റീ പ്ലേയില്‍ പന്ത് ഗോള്‍വര കടന്നില്ലെന്ന് വ്യക്തമായി. മൂന്നാം ക്വാര്‍ട്ടറില്‍ മൂന്നിലധികം ഗോളെന്നുറച്ച അവസരങ്ങള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. നാലാം ക്വാര്‍ട്ടറില്‍ പ്രതിരോധത്തിനാണ് ഇന്ത്യ പ്രാധാന്യം നല്‍കിയത്. രണ്ട് ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്താതിരിക്കാന്‍ ഇന്ത്യ പരിശ്രമിച്ചു. ഒന്‍പതാം മിനിറ്റില്‍ സ്പെയിനിന്റെ പെനാല്‍റ്റി കോര്‍ണര്‍ തട്ടിയകറ്റി പാഥക് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. ഇന്ത്യയുടെ അടുത്ത മത്സരം 15 ന് ഇം ണ്ടിനെതിരേയാണ്. സ്‌പെയിന്‍ വെയ്ല്‍സിനെയും നേരിടും.
ലോകകപ്പിലെ ആദ്യ മത്‌സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ 1-0 നു തോല്‍പ്പിച്ചു. പൂള്‍ എയിലെ തന്നെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ 8-0 ത്തിനു തോല്‍പ്പിച്ചു. 2016 ലെ ഒളിമ്പിക് ചാമ്പ്യനായ അര്‍ജന്റീന കാസെലാ മായ്‌കോയുടെ 42-ാം മിനിറ്റിലെ ഗോളിലാണു ജയിച്ചത്. ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ പ്രതിരോധം അര്‍ജന്റീനയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
16 നു നടക്കുന്ന അടുത്ത മത്സരത്തില്‍ അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയെ നേരിടും. ദക്ഷിണാഫ്രിക്കയുടെ അടുത്ത എതിരാളി ഫ്രാന്‍സാണ്. ഫ്രാന്‍സിനെതിരേ കലിംഗ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസീസിന്റെ ജെറമി ഹെയ്‌വാഡ്, ടോം ക്രെയ്ഗ് എന്നിവര്‍ ഹാട്രിക്കടിച്ചു. എട്ട്, 31, 44 മിനിറ്റുകളിലായിരുന്നു ക്രെയ്ഗിന്റെ ഗോളുകള്‍. ഹെയ്‌വാഡ് 26, 28,38 മിനിറ്റുകളിലും ഫ്രഞ്ച് വലയില്‍ പന്തെത്തിച്ചു.

