രാജകുടുംബാംഗത്തിന്റെ മരണം: ആചാരവും ആര്‍ഭാടവും ഒഴിവാക്കി തിരുവാഭരണ ഘോഷയാത്ര

പന്തളം: രാജകുടുംബാംഗത്തിന്റെ മരണത്തെത്തുടര്‍ന്നു ആചാരവും ആര്‍ഭാടവും ആഘോഷവും ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്കു പുറപ്പെട്ടു. ഉച്ചയ്ക്കു ഒരു മണിയ്ക്ക് കൃഷ്ണപ്പരുന്ത് ആകാശത്തു വട്ടമിട്ടു പറന്നതോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്.

പുറപ്പാടിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ രാജകുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തില്‍ ലക്ഷ്മി തമ്പുരാട്ടി (പൊന്മണി-93) യുടെ മരണവാര്‍ത്ത പുറത്തുവന്നു. ഇതോടെ കൊട്ടാരം നടത്തേണ്ട ചടങ്ങില്‍നിന്നു രാജപ്രതിനിധികള്‍ പിന്മാറുകയും ക്ഷേത്രം അടയ്ക്കുകയും ചെയ്തു. തിരുവാഭരണങ്ങള്‍ സമീപത്തെ ദേവസ്വം ഓഫീസിന്റെ മുറ്റത്തേക്കു മാറ്റി. മരണ വിവരം അറിഞ്ഞതോടെ കൊട്ടാരം ഭാരവാഹികള്‍ ശബരിമല തന്ത്രിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ചടങ്ങില്‍നിന്നു രാജകുടുംബാംഗങ്ങള്‍ മാറിനില്‍ക്കുകയും ചെയ്തു. പതിവ് ആചാരങ്ങള്‍ എല്ലാം ഒഴിവാക്കിയാണ് തിരുവാഭരണ പേടകങ്ങളുമായി ഗുരുസ്വാമിമാര്‍ യാത്രയായത്. പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കും.

നാളെയാണ് മകരവിളക്ക്. വൃശ്ചികം ഒന്നു മുതല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരം നിര്‍വാഹക സമിതി ഭാരവാഹികളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ ഇന്നലെ പുലര്‍ച്ചെ നാലിന് ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. 4.30 മുതല്‍ തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രസോപാനത്തില്‍ ദര്‍ശനത്തിനുവച്ചു. തിരുവാഭരണങ്ങള്‍ വണങ്ങാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി. 11.45 നു ഘോഷയാത്രയ്ക്കുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കാന്‍ വലിയ തമ്പുരാന്‍ അടക്കമുള്ളവര്‍ തയാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് കൊട്ടാരം അംഗത്തിന്റെ മരണവാര്‍ത്ത വന്നത്.

രാവിലെ 11.30ന് ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, നഗരസഭ ചെയര്‍പഴ്‌സണ്‍ സുശീല സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാല്‍ത്തറയില്‍നിന്നു സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഈ സമയം ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് ദൃശ്യമായി. ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി യാത്രയായി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവന്‍പിള്ളയും ജീവതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായരും അനുഗമിച്ചു.

ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരും ഘോഷയാത്രയെ അനുഗമിച്ചു. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ അസി. കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പോലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. തഹസില്‍ദാര്‍ മജിസ്‌ട്രേറ്റ് എം.കെ. അജികുമാറിനാണ് തിരുവാഭരണത്തിന്റെ പൂര്‍ണ ചുമതല.
മകരവിളക്ക് ദിവസമായ നാളെ വൈകിട്ട് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →