തൃശൂര്‍: കൊച്ചിയിലെ ഫ്‌ളാറ്റില്‍ പോലീസ് എത്തിയതിന് പിന്നാലെ രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലാണ് ആദ്യം ഇറക്കിയത്. അവിടെ നിന്നും ബസില്‍ അങ്കമാലിയിലെത്തി. തുടര്‍ന്ന് ജനുവരി ഏഴിന് പുലര്‍ച്ചെ ബന്ധു പ്രജിത്തിന്റെ കാറില്‍ പൊള്ളാച്ചിയിലേക്ക്. അവിടെ ദേവരായപുരത്തെ ക്വാറിയില്‍ ഒളിവില്‍ കഴിഞ്ഞു. ഈ ക്വാറിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. റാണയുടെ പ്രധാന കൂട്ടാളി വെളുത്തൂര്‍ സ്വദേശി സതീഷില്‍നിന്നാണ് തമിഴ്‌നാട്ടിലേക്ക് റാണ കടന്നുവെന്ന സൂചന ആദ്യം ലഭിച്ചത്. പ്രജിത്തിനെയും സഹായി നവാസിനെയും വിളിച്ചുവരുത്തി, മൂന്ന് അനുചരന്മാര്‍ക്കൊപ്പമാണു പൊള്ളാച്ചിയിലേക്കു പോയത്.
കുറച്ചുകാലമായി ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലും ആഡംബര റിസോര്‍ട്ടിലും കഴിഞ്ഞ റാണ പൊള്ളാച്ചിയില്‍ നാലു ദിവസം തങ്ങിയത് കുടിലിലെ പ്ലാസ്റ്റിക് കട്ടിലില്‍. അതിഥിതൊഴിലാളിക്കൊപ്പമായിരുന്നു താമസം. നവാസ് അവിടെ കാവല്‍ നിന്നു. ബാക്കിയുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു. കറുത്ത വസ്ത്രമണിഞ്ഞ് സന്യാസി വേഷത്തിലായിരുന്നു താമസം. കാര്‍ സംബന്ധമായ കച്ചവടത്തിനാണ് എത്തിയതെന്നും ഉടനെ മടങ്ങുമെന്നുമാണ് റാണ അവിടെയുള്ളവരോടു പറഞ്ഞത്.
ഇതിനിടെ അതിഥിതൊഴിലാളിയുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് നിര്‍ണായകമായി. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് രണ്ടുസംഘങ്ങളായി അവിടെയെത്തി. പോലീസിനെ കണ്ട നവാസ് മുന്നറിയിപ്പ് നല്‍കിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റാണയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. തൃശൂരിലേക്ക് കൊണ്ടുവന്ന റാണയ്ക്ക് പോലീസാണ് ഉടുത്തു മാറാന്‍ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത്. റാണയുടെ കൂട്ടാളികളായ അഞ്ചുപേരെ പോലീസ് ചോദ്യംചെയ്യും.
മഹാരാഷ്്രടയില്‍ പബില്‍ പണം മുടക്കിയെന്ന് നിക്ഷേപകരോട് പറഞ്ഞത് കള്ളമാണ്. നുണപറഞ്ഞ് നിക്ഷേപങ്ങള്‍ വാങ്ങി ധൂര്‍ത്തടിച്ചു; നിക്ഷേപകര്‍ക്കിടയില്‍ ആഡംബരത്തിന്റെ അവസാന വാക്കായിരുന്ന റാണ കേസുകളുടെ പെരുമഴയുണ്ടാകുമെന്നു വ്യക്തമായതോടെയാണ് സ്ഥലംവിട്ടത്.

