25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിൽ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ

തൃശൂർ: സേഫ് ആൻറ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റിൽ. വെളുത്തൂർ സ്വദേശി സതീശിനെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ പാലാഴിയിലെ വീട്ടിൽ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു. സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിൽ മുഖ്യപ്രതി പ്രവീൺ റാണയെ പിടിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായത്.

റാണയുടെ വിശ്വസ്തനും അഡ്മിൻ മാനേജരുമായ സതീശിനെയാണ് വിയ്യൂർ എസ്ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റാണ ഒളിവിൽ പോയതിന് പിന്നാലെ സേഫ് ആൻറ് സ്ട്രോങ്ങിന്റെ ഓഫീസുകളിൽ നിന്ന് നിക്ഷേപ രേഖകളടക്കം കടത്തിയിരുന്നു. പാലാഴിയിലെ വീട്ടിൽ ഒളിപ്പിച്ച ഈ രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായി പ്രവർത്തിച്ചയാളാണ് സതീശ്.

2022 ഡിസംബർ 27 ന് അരിമ്പൂർ റാണാ റിസോർട്ടിൽ വിളിച്ച നിക്ഷേപകരുടെ യോഗത്തിൽ ചെക്ക് നൽകാമെന്ന് റാണ വാഗ്ദാനം ചെയ്തിരുന്നു. പത്താം തീയതി അഡ്മിൻ മാനേജരായ സതീശ് മുഖേന ചെക്ക് നൽകാനാമെന്നാണ് നൽകിയ വാദ്ഗാനം. എന്നാൽ 29 ന് റാണ കമ്പനി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചതറിഞ്ഞ നിക്ഷേപകർ കൂട്ടപ്പരാതിയുമായി എത്തുകയായിരുന്നു. പരാതി വന്നതിന് പിന്നാലെ സതീശും ഒളിവിൽ പോയിരുന്നു. സതീശിന്റെയും ബന്ധുക്കളുടെയും പേരിലേക്ക് റാണ നിക്ഷേപത്തിലൊരംശം മാറ്റിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം വിശദപരിശോധന നടന്ന് വരികയാണ്.

പ്രവീൺ റാണയെന്ന പ്രവീൺ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ‘സേഫ് ആന്റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. സതീശിന്റെ അറസ്റ്റോടെ റാണയിലേക്കുള്ള വഴി തുറക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →