പെരുവനം കുട്ടൻ മാരാർ ഇല്ലാതെ ഇത്തവണത്തെ ഇലഞ്ഞിത്തറമേളം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് ഇത്തവണ പെരുവനം കുട്ടൻ മാരാർ ഉണ്ടാകില്ല. പ്രാമാണ്യത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കാൻ ഒരുതവണകൂടി ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ മാറ്റം. പകരം വരുന്നത് തിരുവമ്പാടിയുടെ പ്രാമാണികനായിരുന്ന കിഴക്കൂട്ട് അനിയൻ മാരാരാണ്. ഇലഞ്ഞിത്തറമേളത്തിന്റെ നടത്തിപ്പുകാരായ പാറമേക്കാവ് ദേവസ്വത്തിന്റെ അടിയന്തര ഭരണസമിതിയോഗമാണ് മേളലോകത്ത് ഏറെ ചർച്ചയാകുന്ന തീരുമാനമെടുത്തത്. ദേവസ്വം ഭാരവാഹികളുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് പുതിയ തീരുമാനത്തിനു പിന്നിൽ.

അനിയൻ മാരാർ മാറുന്നതോടെ തിരുവമ്പാടിയുടെ ഭാഗത്തും നേതൃമാറ്റം ഉറപ്പായി. കലാലോകത്തെ വിസ്‌മയമായ സിംഫണിയായി വിലയിരുത്തപ്പെടുന്നതാണ് തൃശ്ശൂർ പൂരത്തിന്റെ തലയെടുപ്പായ ഇലഞ്ഞിത്തറമേളം. ഇത്തരം മേളങ്ങളിൽ കൊട്ടുകാരുടെ സ്ഥാനം അതിപ്രധാനവും അഭിമാനത്തെളിവുമാണ്. കാൽനൂറ്റാണ്ട്‌ പൂർത്തിയാക്കുകയെന്നത് കുട്ടൻ മാരാരുടെ വലിയ അഭിലാഷമായിരുന്നു.

2023 ജനുവരി 8 വെള്ളിയാഴ്‌ച നടന്ന പാറമേക്കാവ് വേലയുമായി ബന്ധപ്പെട്ടാണ് തർക്കം കൂടുതൽ രൂക്ഷമായത്. കുട്ടൻ മാരാർ തന്റെ മകനെ മുൻനിരയിൽ നിർത്തിയത് പാറമേക്കാവ് ഭാരവാഹികൾ ഇടപെട്ട് തിരുത്തുകയും തുടർന്ന് മാരാർ ചെണ്ട താഴെവയ്ക്കുകയും ചെയ്തിരുന്നു. വൈകാതെ തിരിച്ചെത്തി പ്രാമാണികനായി തുടർന്നെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല. പാറമേക്കാവ് വിഭാഗത്തിൽ 35 വർഷത്തോളം അനിയൻ മാരാർ കൊട്ടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →