സുല്‍ത്താന്‍ബത്തേരി: എക്‌സൈസ്, പൊലീസ് വകുപ്പുകള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നിയന്ത്രിക്കാനാകാതെ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത്. ഒരു ദിവസം പോലും ഇടവേളകളില്ലാതെയാണ് കഞ്ചാവ്, എം ഡി എം എ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരെ അധികൃതര്‍ പിടികൂടുന്നത്. എന്നാല്‍ ഒരു കൂസലുമില്ലാതെ ലഹരിക്കടത്ത് നിര്‍ബാധം തുടരുകയാണ് ലഹരി മാഫിയ.
കഴിഞ്ഞ ദിവസവും കേരളത്തിലേക്ക് വില്‍പ്പനക്കായി കഞ്ചാവും, എം ഡി എം എയും കടത്തിക്കൊണ്ടുവന്ന രണ്ട് പേര്‍ പിടിയിലായിരുന്നു. മേപ്പാടി ചൂരല്‍മല മുഹമ്മദ് ഫായിസ് (20) നെയാണ് നൂല്‍പ്പുഴ പൊലീസ് പിടികൂടിയത്. ഒരു കിലോ കഞ്ചാവുമായിട്ടായിരുന്നു ഫായിസിന്റെ യാത്ര. കെ എസ് ആര്‍ ടി സി ബസില്‍ വരികയായിരുന്ന പ്രതിയെ നൂല്‍പ്പുഴ മുക്കുത്തിക്കുന്നില്‍ നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്. കഞ്ചാവ് എവിടേക്ക് കൊണ്ടുപോകുന്നുവെന്നോ ആര്‍ക്ക് വേണ്ടി കടത്തുന്നുവെന്നോ ഉള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
സുല്‍ത്താന്‍ബത്തേരി പൊലീസാണ് എം ഡി എം എ കടത്തിക്കൊണ്ടുവന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ റാട്ടക്കൊല്ലി മംഗലത്ത് വീട്ടില്‍ ബിന്‍ഷാദ് (23) ഈ കേസില്‍ പിടിയിലായത്. ബിന്‍ഷാദിന്‍റെ പക്കല്‍നിന്ന് 3.30 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. നൂല്‍പ്പുഴ ചെക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ബിന്‍ഷാദ് പിടിയിലായത്. മാരക മയക്കുമരുന്നായിട്ടും എം ഡി എം എ ആര്‍ക്ക് വേണ്ടി കടത്തുന്നുവെന്നോ പ്രധാനികള്‍ ആരൊക്കെയെന്നോ അന്വേഷിക്കാന്‍ പൊലീസോ എക്‌സൈസോ മിനക്കെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
സംസ്ഥാനത്തേക്ക് എം ഡി എം എ, എല്‍ എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ സുപ്രധാന കണ്ണിയായ വിദേശിയെ കോഴിക്കോട് നടക്കാവ് പൊലീസ് ബംഗളൂരുവില്‍ ചെന്ന് പിടികൂടിയിരുന്നു. ഘാന പൗരനായ വിക്ടര്‍ ഡി സാബാ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സമാന രീതിയില്‍ കേരളത്തിലെ വന്‍ റാക്കറ്റുകളിലേക്കും അന്വേഷണം എത്തിച്ചേര്‍ന്നാല്‍ മയക്കുമരുന്ന് കടത്ത് തടയാനാകും. ചില ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവെക്കുന്നുണ്ട്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റില്‍ വെച്ച് 2022 നവംബര്‍ 28 ന് 58 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തിലാണ് നടക്കാവ് പൊലീസ് കൃത്യമായ തുടരന്വേഷണം നടത്തി മൊത്തക്കച്ചവടക്കാരിലേക്ക് എത്തിയത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരികരിച്ച് തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന നൈജീരിയക്കാരന്‍ കെന്‍ എന്നറിയപ്പെടുന്ന എബൂക്ക വിക്ടര്‍ അനയോയെ ഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നും തൃശൂര്‍ സിറ്റി പൊലീസിന്‍റെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സമഗ്രമായ രീതിയില്‍ മയക്കുമരുന്ന് ലോബിക്കെതിരെ സംസ്ഥാനം ഇപ്പോഴും സജ്ജമായിട്ടില്ലെന്നതിന്‍റെ തെളിവാണ് സംസ്ഥാന അതിര്‍ത്തികള്‍ വഴി നിര്‍ബാധം തുടരുന്ന ലഹരിക്കടത്ത്. ലഹരി കടത്ത് നടയുന്നതിന് വിവിധ പദ്ധതികള്‍ നിലവിലുണ്ട്. ഇതില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ് ആപ്പ് വഴി അധികൃതരെ അറിയിക്കാം. 99959 66666 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്കും ഇത് സംബന്ധിച്ച് വിവരം കൈമാറാം. ഇത്തരത്തില്‍ വിവരം കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.