ദെഹ്‌റാദൂൺ: വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളൽവീണ് നിരവധി വീടുകൾ അപകടാവസ്ഥയിലായ ഉത്തരാഖണ്ഡിലെ ജോശിമഠിൽ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. 2023 ജനുവരി 7 ശനിയാഴ്ച സംഭവസ്ഥലത്ത് നേരിട്ടെത്തി മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തും. ജോശിമഠ് നഗരത്തിലെ സുരക്ഷിതപ്രദേശത്ത് വലിയ താത്ക്കാലിക പുനരധിവാസകേന്ദ്രം ഉടൻ സജ്ജമാക്കാൻ മുഖ്യമന്ത്രി പുഷ്‌കർസിങ് ധാമി ഉത്തരവിട്ടിട്ടുണ്ട്.
നൂറുകണക്കിന് വീടുകളിൽ വിള്ളലുണ്ടായത് ജനങ്ങളിൽ ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാൻ 2023 ജനുവരി 7 വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ജീവന് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത താമസസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ബദ്രിനാഥ് ദേശീയ പാത കഴിഞ്ഞ ദിവസം ജനങ്ങൾ ഉപരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നതതല യോഗം ചേരാൻ സർക്കാർ തീരുമാനിച്ചത്.
അപകടമേഖലകളിൽ നിന്ന് മുഴുവൻ ജനങ്ങളെയും ഉടൻ ഒഴിപ്പിക്കണമെന്നും ദുരന്ത നിവാരണ കൺട്രോൾ റൂം പ്രവർത്തനക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രദേശത്തെ ദുരിതബാധിതകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മാസം 4000 രൂപ വീതം അടുത്ത ആറു മാസത്തേക്ക് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

