പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

പുനെ: മുംബൈ വാങ്കഡെയില്‍ കുറിച്ച രണ്ടു റണ്ണിന്റെ ത്രില്ലര്‍ ജയത്തിന്റെ ആവേശത്തില്‍ രണ്ടാം മത്സരവും കീശയിലാക്കി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ 05/01/2023 ശ്രീലങ്കയ്‌ക്കെതിരേ. പുനെ എം.സി.എ. സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മൂന്നുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തല്‍സമയം.

ആദ്യകളിയില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി ലങ്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്തിയ യുവനിര ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരേ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. കൃത്യമായ ഇടവേളകളില്‍ എതിരാളികളുടെവിക്കറ്റെടുത്ത ബൗളര്‍മാര്‍ ഒരുഘട്ടത്തില്‍ നീലപ്പടയെ അനായാസ ജയത്തിലേക്കു നയിച്ചു. എന്നാല്‍, അണയാത്ത പോരാട്ടവീര്യവുമായി ലങ്കന്‍ ബാറ്റര്‍മാര്‍ കളി ആവേശകരമാക്കി. ഒടുവില്‍ ലക്ഷ്യത്തിനു രണ്ടു റണ്ണകലെ അതിഥികള്‍ ബാറ്റ് താഴ്ത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടു റണ്ണിന്റെ ആവേശജയം.

കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും മുന്‍നിര ബാറ്റര്‍മാരില്‍ അഴിച്ചുപണിക്കു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തയാറായേക്കില്ല. ആദ്യകളിയില്‍ ദുഷ്‌കരമായൊരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റത് മലയാളിതാരം സഞ്ജു സാംസണു തിരിച്ചടിയായി. സഞ്ജു കളിച്ചില്ലെങ്കില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കാം. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ആദ്യ മത്സരത്തില്‍ തിളങ്ങിയില്ല. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്.

അരങ്ങേറ്റമത്സരത്തില്‍ നാലു വിക്കറ്റുമായി തിളങ്ങിയ ശിവം മാവിയില്‍ പാണ്ഡ്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ മാലിക്കിനെ പുറത്തിരുത്തി അര്‍ഷ്ദീപ് സിങ്ങിനെ പരീക്ഷിക്കുമോയെന്നും ഏവരും ഉറ്റുനോക്കുന്നു. റണ്ണേറെ വഴങ്ങിയെങ്കിലും ഹര്‍ഷല്‍ പട്ടേലിനെ തഴയാന്‍ സാധ്യതയില്ല. സ്പിന്‍ വിഭാഗത്തിലും പാണ്ഡ്യ മാറ്റത്തിനു മുതിര്‍ന്നേക്കില്ല. എം.സി.എ. സ്‌റ്റേഡിയത്തില്‍ ഇതുവരെ നടന്ന ട്വന്റി-20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ക്കാണു മുന്‍തൂക്കം. 34 മത്സരങ്ങള്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചപ്പോള്‍ 29 വട്ടം പിന്തുടര്‍ന്ന് ടീമിനൊപ്പമായിരുന്നു വിജയം. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം ടി-20 പരമ്പരജയമാകുമത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →