തിരുവനന്തപുരം : പുതുവര്‍ഷത്തെ നിയമസഭാ സമ്മളനം 2023 ജനുവരി 20 നോ 23 നോ ആരംഭിക്കാന്‍ ആലോചന. 2023 ജനുവരി 5ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനേയേക്കും. 20 ന് സഭ ചേര്‍ന്ന് നയപ്രഖ്യാപനം അവതരിപ്പിച്ചാല്‍ 23 മുതല്‍ 25 വരെ നന്ദിപ്രമേയ ചര്‍ച്ച പാസാക്കി സമ്മേളനം തല്‍ക്കാലം നിര്‍ത്തിവയ്‌ക്കും. പിന്നീട് ഫെബ്രുവരി മൂന്നിന് പുനരാരംഭിച്ച് ബഡ്‌ജറ്റവതരിപ്പിക്കുകയും ആറുമുതല്‍ എട്ടുവരെ അതിന്മേലുളള പൊതുചര്‍ച്ച പൂര്‍ത്തിയാക്കി പിരിയുകയുമാണ് സര്‍ക്കാര്‍ ആലോചിക്കുന്ന ഒരുവഴി. 23ന് നയപ്രഖ്യാപനം നടത്തിയാല്‍ നന്ദിപ്രമേയ ചര്‍ച്ച 2 ദിവസമായി ചുരുക്കും.
20ന് സിഐടിയു ദേശീയ സമ്മേളനം ഹൈദരാബാദില്‍ നടക്കുന്നതിനാല്‍ സംഘടനാ ഭാരവാഹികളായ എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനത്തിനെത്താനാവതെ വരും. അതുകൊണ്ടാണ് 23ന്റെ സാധ്യതയും ആലോചിക്കുന്നത്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം 30ന് കാശ്‌മീരില്‍ നടക്കുന്നതിനാല്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് അങ്ങോട്ടുപോകണം.സമ്പൂര്‍ണ ബഡ്‌ജറ്റ് മാര്‍ച്ച് 31ന് മുമ്പ് പാസാക്കാനാണ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ പുതിയ ബഡ്‌ജറ്റനുസരിച്ചുളള ധനവിനിയോഗം ഏപ്രില്‍ 1ന് ആരംഭിക്കാനാവും.

