പെലെയ്ക്കു ലോകം വിട നല്‍കി

സാന്റോസ്: കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ പെലെയെ സാന്റോസിലെ മെമ്മോറിയല്‍ നെക്രോപോളിസ് എകുംനിക സെമിത്തേരിയില്‍ സംസ്‌കരിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.

02/01/2023 തിങ്കളാഴ്ച മുതല്‍ സാന്റോസ് ഫുട്‌ബോള്‍ €ബിന്റെ വിയാ ബെല്‍മിറോ (സാന്റോസ് സ്‌റ്റേഡിയം) സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്ന മൃതദേഹം ഇന്നലെയാണു സെമിത്തേരിയിലേക്കു കൊണ്ടു പോയത്. പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷമാണു മൃതദേഹം പിച്ചില്‍നിന്ന് എടുത്തത്. പുതുതായി അധികാരമേറ്റ പ്രസിഡന്റ് ലൂസി ഇനാസിയോ ലുലാ ഡാ സില്‍വ പെലെയ്ക്ക് അന്തിമ ഉപചാരം അര്‍പ്പിക്കാനെത്തി.

പ്രാദേശിക സമയം രാവിലെ ഒന്‍പതിനാണു ലുലാ ഡാ സില്‍വ സ്‌റ്റേഡിയത്തിലെത്തിയത്. പെലെയുടെ ഭാര്യ മാഴ്‌സിയ അയോകി അടക്കമുള്ളവരെ ബ്രസീല്‍ പ്രസിഡന്റ് നേരിട്ടു കണ്ട് അനുശോചനമറിയിച്ചു. യുവ താരം നെയ്മര്‍ സംസ്‌കാര ചടങ്ങിനെത്താത്തതില്‍ വിമര്‍ശനം ഉയര്‍ന്നു. പെലെ മരിച്ചതിനു പിന്നാലെ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ അനുശോചനക്കുറിപ്പിട്ടെങ്കിലും നേരിട്ടെത്തിയില്ല. ലീഗ് വണ്‍ €ബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിന്റെ താരമായ നെയ്മര്‍ പാരീസില്‍ തുടരുകയാണ്. ലെന്‍സിനെതിരേ നടന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കാനുണ്ടായിരുന്നില്ല.

പെലെയുടെ മൃതദേഹത്തിന് അരികേനിന്നു സെല്‍ഫിയെടുത്ത ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നടപടിയും വിവാദമായി. ഇന്‍ഫാന്റിനോയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരാധകര്‍ മണിക്കുറുകള്‍ കാത്തുനിന്നാണ് പെലെയുടെ മൃതദേഹ പേടകത്തിന് അടുത്തെത്തിയത്. പെലെയുടെ കടല്‍ത്തീരത്തുള്ള പീക്‌സ് എന്നു പേരിട്ട വസതിക്കു മുന്നിലും പതിനായിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പെലെയുടെ ശവമഞ്ചത്തിനു സമീപം അദ്ദേഹം നേടിയ മൂന്ന് ലോകകപ്പുകളുടെ മാതൃകകളും വച്ചു. സാന്റോസ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം തന്നെ മൂന്ന് കൂറ്റന്‍ പതാകകള്‍ സ്ഥാപിച്ചിരുന്നു. 82 വയസുകാരനായ പെലെ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്ന പെലെ സാവോ പോളോയിലെ സാന്ത്വന ചികിത്സയില്‍ കഴിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →