ന്യൂഡല്‍ഹി: ആദായനികുതി ആനുകൂല്യങ്ങള്‍ ഇല്ലാത്ത പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ നിരക്കുകള്‍ ജനുവരി 1 മുതല്‍ നിലവില്‍ വന്നു.ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്), പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചൈല്‍ഡ് സേവിംഗ്സ് സ്കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. ഇവ യഥാക്രമം 7.6, 7.1 ശതമാനമായി തുടരും. മുതിര്‍ന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാന്‍ വികാസ് പത്ര (കെ.വി.പി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചു.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ അറിയിക്കും. പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളില്‍ ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും രണ്ട് വര്‍ഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജനുവരി-മാര്‍ച്ച് കാലയളവില്‍ 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന് 8 ശതമാനമാകും.കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 7.2 ശതമാനമായി ഉയര്‍ത്തി. നിലവില്‍ 7 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസ വരുമാന സ്കീമിന് 40 ബേസിസ് പോയിന്റ് കൂടി 7.1 ശതമാനം പലിശ ലഭിക്കും. അതേസമയം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി) 20 ബേസിസ് പോയിന്റ് 7 ശതമാനമാക്കി ഉയര്‍ത്തി.

