കുന്നംകുളം: ആളില്ലാത്ത സമയം നോക്കി വീട് കുത്തിപ്പൊളിച്ച് മോഷണം. 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. തൃശൂർ റോഡ് ശാസ്ത്രിജി നഗർ 3 പ്രശാന്തി വീട്ടിൽ താമസിക്കുന്ന പഴഞ്ഞി എം.ഡി കോളേജിലെ റിട്ട. പ്രൊഫസർ രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജൻ ജോലി സംബന്ധമായി എത്യോപ്യയിലാണ്..
ഭാര്യ ദേവി എൽ.ഐ.സി ഓഫീസ് ഉദ്യോഗസ്ഥയാണ്. ഇവർ 2023 ജനുവരി 1 ന് രാവിലെ പത്ത്മണിയോടെ വീട് പൂട്ടി കല്യാണത്തിന് പോയിരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ അലമാരകൾ എല്ലാം തകർത്ത് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 80 പവൻ സ്വർണാഭരണമാണ് മോഷണം പോയത്.
മക്കൾ തിരുവന്തപുരത്തും ഒഡിഷയിലുമായി മെഡിസിന് പഠിക്കുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മുകളിലെ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും

