എറണാകുളം തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലും തൃശ്ശൂർ ചേർപ്പ് മിനി സിവിൽ സ്റ്റഷനിലും ഭിന്നശേഷിക്കാർ മുകൾ നിലകളിലെത്താൻ ബുദ്ധിമുട്ടുന്നതായുള്ള പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.
ചേർപ്പ് മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഐ.എച്ച്.ആർ.ഡിയുടെ എക്‌സ്റ്റെൻഷൻ സെന്ററിൽ ഡാറ്റാ എൻട്രി കോഴ്‌സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഒരു ദിവസം 52 പടികൾ കയറിയിറങ്ങുന്നുവെന്നായിരുന്നു വാർത്ത. തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷന്റെ മൂന്നു നില കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ ഭിന്നശേഷിക്കാർ വലയുന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. തൃശൂർ, എറണാകുളം ജില്ലാ കളക്ടർമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ, ബന്ധപ്പെട്ട തഹസിൽദാർമാർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തവായി. ജില്ലാ കളക്ടർമാരിൽ നിന്ന് സിവിൽ സ്‌റ്റേഷനുകൾ, മിനി സിവിൽ സ്‌റ്റേഷനുകൾ, മറ്റ് സർക്കാർ കെട്ടിടങ്ങൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദ റിപ്പോർട്ടും തേടിയിട്ടുണ്ട്.