തൃശൂർ പാലപ്പിള്ളിയിൽ തോട്ടം തൊഴിലാളിയായ രജനി എന്ന സ്ത്രീയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി . രജനിയും സുഹൃത്തായ സുമയും ടാപ്പിംഗിനായി രാവിലെ ആറരയോടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂട്ടം തെറ്റിയെത്തിയ കൊമ്പനാണ് രജനിയെ ആക്രമിച്ചത്. തോട്ടത്തിലെ റോഡിലൂടെ പാഞ്ഞുവന്ന ആനയെ കണ്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പികൈ കൊണ്ട് രജനിയെ അടിച്ചുവീഴ്ത്തി. പത്തടിയോളം മാറിയാണ് വീണത്. രജനി പരിക്കുകളോടെ രക്ഷപ്പെട്ടു.ചിന്നം വിളിച്ച് കുതിച്ചുവന്ന ആനയെ കണ്ട് തോട്ടത്തിൽ ടാപ്പിംഗ് ചെയ്തിരുന്ന തൊഴിലാളികളെല്ലാം ചിതറിയോടി.
17 തൊഴിലാളികളാണ് ഈ സമയത്ത് തോട്ടത്തിൻ്റെ പലയിടങ്ങളിലായി ജോലി ചെയ്തിരുന്നത്. ആനയുടെ ആക്രമണത്തിൽ തെറിച്ചുവീണ രജനിയെ സമീപത്ത് ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന കുഞ്ഞുമുഹമ്മദാണ് രക്ഷപ്പെടുത്തിയത് തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ എത്തിയാണ് ആനയെ ഓടിച്ചുവിട്ടത്. പുലർച്ചെ മുതൽ തോട്ടത്തിൻ്റെ പരിസരത്ത് ആനകൾ ഉണ്ടെന്നറിഞ്ഞതോടെ വനപാലകർ സ്ഥലത്തുണ്ടായിരുന്നു.നേരം വൈകി ടാപ്പിംഗിനിറങ്ങിയാൽ മതിയെന്നായിരുന്നു വനപാലകരുടെ നിർദേശം.കുറച്ചുനാളുകൾക്ക് ശേഷമാണ് മേഖലയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്

