ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിലൂടെയാണ് മഹാഗുരുവിന്റെ ആത്മീയപ്രസ്ഥാനം ഭാരതത്തിനകത്തും പുറത്തും സുസംഘടിതമായതെന്ന് സ്വാമി സച്ചിദാനന്ദ

ശിവഗിരി: ചരിത്രഗതിയെ സ്വന്തം ജീവിതത്തിൽ തുന്നിച്ചേർത്ത മഹാത്മാക്കളായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ – സന്യസ്ത ശിഷ്യസഞ്ചയമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവ ശിഷ്യ -പ്രശിഷ്യ സമ്മേളനം ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

.ഇന്ത്യയുടെ അനശ്വര വിപ്ലവകാരിയായാണ് ഡോ.പല്പുവിനെ സരോജിനി നായിഡു വിശേഷിപ്പിച്ചത്. നോബൽ സമ്മാനത്തിന് അർഹതയുള്ള . കവിയാണ് കുമാരനാശാനെന്ന് ജ്ഞാനപീഠ ജേതാവ് ശിവരാമ കാരന്ത് പറഞ്ഞിട്ടുണ്ട്.ശ്രീനാരായണ പ്രസ്ഥാനത്തെയും അധ:സ്ഥിത പ്രസ്ഥാനങ്ങളെയും ദേശീയ രാഷ്ട്രീയവുമായി വിളക്കിച്ചേർത്ത മഹാനാണ് ടി.കെ.മാധവൻ. സഹോദരൻ അയ്യപ്പൻ കേരളത്തിന്റെ എബ്രഹാം ലിങ്കനായാണ് വിലയിരുത്തപ്പെട്ടത്. സി.കേശവൻ സിംഹള സിംഹവും,സി.വി.കുഞ്ഞുരാമനും മൂർക്കോത്ത് കുമാരനും മലയാളത്തിലെ ഏറ്റവും വലിയ ഗദ്യ സാഹിത്യകാരന്മാരുമായിരുന്നു.സി.ആർ.കേശവൻ വൈദ്യർ വ്യവസായം കൊണ്ട് അഭിവൃദ്ധി നേടണമെന്ന ഗുരുസന്ദേശവും ,മഹാനായ ആർ.ശങ്കർ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനവും പ്രാവർത്തികമാക്കി. കെ.സുകുമാരൻ സാമൂഹ്യ നീതിക്കു വേണ്ടി പടവാളുയർത്തിയ മലയാളത്തിലെ വലിയ പത്രാധിപരായി.വി.കെ.വേലായുധനും എം.കെ.രാഘവനും ഗുരുദേവ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാൻ സർവ്വാർപ്പണം ചെയ്തു. എം.പി മൂത്തേടത്ത് മഹാസമാധി മന്ദിരം പടുത്തുയർത്തി ചരിത്രത്തിന്റെ തന്നെ ഭാഗമായെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു

.അഡ്വ.സാംബശിവൻ, പി.പി.രാജൻ, എം.സുകുമാരൻ, ഡോ.സി.കെ.രവി, എൻ.ഗംഗാധരൻ, മോഹൻ ശങ്കർ, ഡോ.അജിതാ രാഘവൻ, വി.വി.ഗിരി, ഉഷ എസ്. നായർ, ലതാ മൂത്തേടത്ത്, കെ.ജയധരൻ എന്നിവർ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യരെ അനുസ്മരിച്ചു.ശ്രീനാരായണ ഗുരുദേവന്റെ സന്യസ്ത ശിഷ്യസഞ്ചയം ഗുരുദേവ പ്രസ്ഥാനത്തെ സംസ്ഥാപനം ചെയ്തവരാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവന്റെ പ്രഥമശിഷ്യനായിരുന്നു ശിവലിംഗസ്വാമി. സ്വാമിയുടെ ശിഷ്യനാണ് ആന്ധ്രയിലെ സദ്ഗുരു മലയാള മഹർഷി. ഗുരുദേവൻ അനന്തര ഗാമിയായി അഭിഷേകം ചെയ്ത ബോധാനന്ദ സ്വാമി അയിത്ത നിർമ്മാർജ്ജനത്തിനായി സ്ഥാപിച്ച ധർമ്മഭടസംഘം പോലെ മറ്റൊരു വിപ്ലവ പ്രസ്ഥാനം അക്കാലത്ത് കേരളത്തിലുണ്ടായിട്ടില്ല. മനുഷ്യരെല്ലാം സമന്മാരാണെന്നായിരുന്നു ധർമ്മഭടസംഘത്തിന്റെ മുദ്രാവാക്യം. സ്വാമി ഗോവിന്ദാനന്ദ മുതൽ സ്വാമി ശങ്കരാനന്ദ വരെയുളളവർ ശിവഗിരി മഠാധിപന്മാരായിരുന്നു. സ്വാമി ആനന്ദതീർത്ഥർ മുതൽ സ്വാമി വിശുദ്ധാനന്ദ വരെയുളളവർ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റുമാരായി. ഇപ്പോൾ സ്വാമി സച്ചിദാനന്ദ പ്രസിഡന്റാണ്. ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിൽ പ്രശസ്തരും അപ്രശസ്തരുമുണ്ടായിരുന്നു. അവരിലൂടെയാണ് മഹാഗുരുവിന്റെ ആത്മീയപ്രസ്ഥാനം ഭാരതത്തിനകത്തും പുറത്തും സുസംഘടിതമായതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാമി ഹംസതീർത്ഥ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി പ്രബോധതീർത്ഥ തുടങ്ങിയവരും പ്രഭാഷണം നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →