കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജനുവരി 21ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. കുന്നംകുളം സ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കുന്നംകുളം ബോയ്സ് സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭൂമിയിലാണ് അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. നൈപുണ്യ പരിശീലനത്തിന്റെ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് സ്കില്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള മള്‍ട്ടി സ്കില്ലിംഗ് പരിശീലന സൗകര്യങ്ങളാണ് കുന്നംകുളത്തെ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിന്റെ ഓപ്പറേറ്റിംഗ് പാര്‍ട്ണര്‍ ആയി ഇറാം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
ആദ്യഘട്ടമെന്ന നിലയിൽ, തൊഴിലധിഷ്ടിത പരിശീലന പരിപാടികളായ സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ്, ലോജിസ്റ്റിക് മാനേജ്മെന്റിൽ അഡ്വാൻസ് ഡിപ്ലോമ എന്നീ കോഴ്സുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ കേരള നോളജ് ഇക്കോണമി മിഷനുമായി കൈകോർത്ത് വർക്ക് റെഡിനസ് പ്രോഗ്രാമുകൾ, അസാപ്പിന്റെ കോഴ്സുകളായ ഫിറ്റ്നസ് ട്രെയിനർ, മെഡിക്കൽ കോഡിങ് ആന്റ് ബില്ലിംഗ് എന്നിവയും നടത്തും. 14.41 കോടി രൂപ ചെലവഴിച്ച് മുപ്പതിനായിരം ചതുരശ്ര അടിയില്‍ ആധുനിക രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കുന്നംകുളത്ത് നിര്‍വ്വഹിച്ചിട്ടുള്ളത്.
യോഗത്തില്‍ എ സി മൊയ്തീന് എംഎല്‍എ , കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, സിഎംഡി അസാപ് ഡോ.ഉഷ ടൈറ്റസ്(റിട്ട), അസാപ് ഫിനാന്‍സ് ഹെഡ് അന്‍വര്‍ ഹുസൈന്, ഫ്രാന്‍സിസ് പി വി അസാപ് പോളിടെക്നിക് ഹെഡ്, ലൈജു ട്രെയിനിംഗ് ഹെഡ്, ടിയാര സന്തോഷ് ജില്ല ഡിപിഎം, അഭിജിത്ത് പ്രോഗ്രാം മാനേജര്‍, പ്രേംജിത്ത് പ്രോഗ്രാം മാനേജര്‍, ഓസ്റ്റിന്‍ ഇറാം ടെക്നോളജീസ് തുടങ്ങിയവര്‍ പങ്കെടുത്തു.