പാൽ സിപ്പപ്പിൽ തുടങ്ങി പനീർ അച്ചാർ വരെ ….. ശുദ്ധമായ പശുവിൻ പാലിന്റെ രുചി വൈവിധ്യങ്ങൾ ഇനി ആവോളം ആസ്വദിക്കാം. പാലിനും പാല് ഉൽപ്പന്നങ്ങൾക്കും വിലയും വിപണിയും ഉറപ്പാക്കാൻ പാൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകാൻ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ച് ജില്ലാ വ്യവസായ കേന്ദ്രം.
വീട്ടമ്മമാർ, ക്ഷീര കർഷകർ, ക്ഷീര മേഖലയുമായി ബന്ധപ്പെട്ട യുവതി – യുവാക്കൾ തുടങ്ങി 25 പേർക്കാണ് പരിശീലനം നൽകിയത്. ഒരു വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും അന്താരാഷ്ട്ര തൊഴിൽ സംഘടനയും മണ്ണുത്തി കേരള വെറ്റിനറി സർവകലാശാലയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.
20 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ ഗുലാം ജാം, രസഗുള, സിപപ്പ്, പനീർ അച്ചാർ, നെയ്, ഐസ്ക്രീം തുടങ്ങി പാലിൽ നിന്ന് ഉണ്ടാക്കാൻ കഴിയുന്ന വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കാണ് പരിശീലനം നൽകിയത്. 12 ദിവസം മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡിപ്പാർട്ട്മെന്റിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
സംരംഭകത്വ സഹായ പദ്ധതി ഉൽപ്പാദന മേഖലയിലുള്ള സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളാണ് ജില്ലാ വ്യവസായ കേന്ദ്രം നൽകിയത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയിലെ വിദഗ്ധരാണ് 8 ദിവസത്തെ സംരംഭകത്വ മേഖലയെക്കുറിച്ച് ക്ലാസെടുത്തത്.
20 ദിവസത്തെ പരിശീലനത്തിന് ശേഷം പരിശീലകർ ഉണ്ടാക്കിയ ഷുഗർ ഫ്രീ ഹെർബൽ കുൽഫി, ചന്നാപോടോ, വേ ഡ്രിംഗ്സ്, ഖോവ ജാഗറി ബോൾസ് , പനീർ സ്റ്റിക്ക തുടങ്ങിയ അഞ്ച് ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന പരിശീലന സമാപനം കേരള വെറ്റിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം ആർ ശശിധരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വികെഐഡിഎഫ്ടി ഡീൻ ഡോ.എസ് എൻ രാജ്കുമാർ, അസോസിയേറ്റ് ഡീൻ ഡോ. എ കെ ബീന, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ ഷിബു ഷൈൻ, കെവിഎഎസ് യു എന്റർപ്രണർ ഡയറക്ടർ ഡോ.ടി എസ് രാജീവ്, വികെഐഡിഎഫ്ടി അസിസ്റ്റന്റ് പ്രൊഫസർമാരായ കെ ബി ദിവ്യ , ലിജിമോൾ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.