ഭുവനേശ്വര്‍: ഒഡീഷയിലെ റയാഗാഡില് രണ്ടു ദിവസത്തിനിടെ രണ്ടു റഷ്യക്കാര്‍ മരിച്ചതില്‍ ദുരൂഹത. ഡിസംബർ 21 ന് റയാഗാഡിലെ ഹോട്ടലില്‍ മുറിയെടുത്ത നാലംഗ റഷ്യന്‍ സംഘത്തിലുള്ള വ്ളാദിമിര്‍ ബിഡ്നോവ്(61), വ്ളാദിമിര്‍ പ്രവിശ്യയിലെ മുന്‍ നിയമസഭാംഗവും ബിസിനസുകാരനുമായ പവേല്‍ അന്റോവ്(65) എന്നിവരാണ് മരിച്ചത്. യുക്രൈന് യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പവേല്‍ അന്റോവിന്റെ മരണമാണു ദുരൂഹത ഉയര്‍ത്തുന്നത്.
ഡിസംബർ 22 നാണ് വ്ളാദിമിര്‍ ബിഡ്നോവിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനു പിന്നാലെ 24 നാണ് പവേല്‍ അന്റോവിനെയും ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണു മരിച്ചെന്നാണു സൂചന. ചോരയില്‍ കുളിച്ചനിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുടിന്റെ വിമര്‍ശകരായ പല ബിസിനസുകാരും മുന്‍ കാലങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ടുണ്ട് എന്നതാണു സംശയം സൃഷ്ടിക്കുന്നത്. എന്നാല്‍, രണ്ടുപേരുടെയും മരണത്തില്‍ ഇതുവരെ ക്രിമിനല്‍ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം.
പവേലില്‍ ജീവനൊടുക്കിയതാണെന്നും സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം വിഷാദത്തിലായിരുന്നെന്നും ഒഡീഷ പോലീസ് പറയുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേരോടും ഒഡീഷയില്‍ തുടരാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 65-ാം ജന്മദിനം ആഘോഷിക്കാനായാണു പവേല്‍ ഒഡീഷയിലെത്തിയത്.