വൈദീകം റിസോർട്ടിനെതിരെ പരാതി നൽകിയതിനുശേഷം പാർട്ടി അം​ഗത്വം പുതുക്കി നൽകിയില്ലെന്ന് സജിൻ

തിരുവനന്തപുരം: സിപിഎം അംഗത്വം നഷ്ടമായത് റിസോർട്ടിന് എതിരെ പരാതി നൽകിയതിന് പിന്നാലെയെന്ന് റിസോർട്ട് നിർമ്മാണത്തിന് എതിരെ പരാതി നൽകിയ സജിൻ. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് ഉൾക്കൊള്ളാനായില്ല. പിന്നീട് പാർട്ടി കമ്മിറ്റികൾക്ക് വിളിക്കാറില്ലായിരുന്നു. അടുത്ത തവണ അംഗത്വം പുതുക്കി നൽകിയില്ലെന്നും സജിൻ വ്യക്തമാക്കി.

ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴിലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള വൈദികം റിസോർട്ടിന്റെ നിർമ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിർമ്മാണത്തിനെതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങൾ തണുത്തു. സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിനുള്ള അനുമതിയും കിട്ടി. 30 കോടിയായിരുന്നു റിസോർട്ടിൻ്റെ ആകെ നിക്ഷേപം. ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബറിൽ ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല. റിസോർട്ടിൽ പ്രദേശത്തെ സിപിഎം അനുഭാവികൾക്ക് ജോലിയും ലഭിച്ചിരുന്നു

. വൈദീകം റിസോർട്ടിലെ സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജനെതിരെ രൂക്ഷമായ ആരോപണമാണ് ഉയരുന്നത്. കുന്നിടിച്ചുള്ള റിസോട്ട് നിർമ്മാണ സമയത്ത് തന്നെ പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നെങ്കിലും എല്ലാം ഒതുക്കിത്തീർത്തുവെന്നാണ് ആരോപണം. 2014-ൽ ഇ.പി ജയരാജൻ്റെ മകൻ പി.കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ.പി രമേശ് കുമാറും ഡയറക്ടർമാരായാണ് ഈ സംരംഭം ആരംഭിച്ചത്.

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാർട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജൻ ആരോപിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →