ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശരിന്റെ ഭാഗമായി ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനവും സസ്നേഹം ത്യശൂർ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിയാണ് സസ്നേഹം തൃശൂരെന്നും ഭിന്നശേഷിക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളെ ഏകോപിപ്പിക്കാനായാൽ തന്നെ വലിയ മാറ്റം സമൂഹത്തിലുണ്ടാക്കാനാകും. ഭിന്നശേഷി വിഭാഗത്തിന് തൊഴിലും വിദ്യാഭ്യാസവും നൽകി പുനരധിവസിപ്പിക്കുക എന്നത് പ്രധാനമാണ്. മുഴുവൻ ഭിന്നശേഷി യുവതി – യുവാക്കൾക്കും തൊഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലിൽ പരിശീലനം നൽകി വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാൻ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്ന തൊഴിൽ കാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവർ വിതരണം ചെയ്തു. ഏഴുപേർക്കാണ് തൊഴിൽ കാർഡ് വിതരണം ചെയ്തത്.
[5:29 pm, 24/12/2022] Assistant info. Officer Desni: ഒരു കുടക്കീഴിൽ കരുതലിൻ്റെ സ്നേഹപ്പൊതികൾ
വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്കരിച്ചും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ”സസ്നേഹം തൃശൂര്‍’ ദുര്‍ബല വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക പരിഗണന, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കല്‍, ഇന്‍ക്ലൂസിവിറ്റി പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, കൈമൊഴി ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി, സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ല, കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക് സിഗ്നല്‍ സംവിധാനം, ഇന്‍ക്ലൂസിവിറ്റി കഫ, സെന്‍സറി പാര്‍ക്ക്, പ്രൊജക്ട് ഫ്ളോട്ട് ജലരക്ഷ പരിപാടി തുടങ്ങി വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് സസ്നേഹം തൃശൂര്‍ പദ്ധതി.
ചുവടെ പറയുന്ന പരിപാടികളാണ് സസ്നേഹം തൃശൂരിന്റെ ഭാഗമായി നടപ്പിലാക്കുക
1. കൈമൊഴി (സൈന്‍ ലാംഗ്വേജ് ലിറ്ററസി)
കേള്‍വി പരിമിതരായ വ്യക്തികള്‍ക്ക് പൊതു സമൂഹവുമായി ആശയ വിനിമയം നടത്തുന്നതില്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പരിപാടിയാണ് കൈമൊഴി – ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി (സൈന്‍ ലാംഗ്വേജ് ലിറ്ററസി പ്രോഗ്രാം). പൊതു സമൂഹത്തിന് കേള്‍വിപരിമിതരായ ആളുകളുമായി പ്രാഥമിക തലത്തിലുള്ള ആശയവിനിമയം സാധ്യമാവുന്ന രീതിയില്‍ ആംഗ്യഭാഷയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൈമൊഴി പദ്ധതി നടപ്പിലാക്കും. ഇതിനായി 50 പേര്‍ക്ക് നിപ്മറിന്റെ നേതൃത്വത്തില്‍ ആംഗ്യഭാഷാ പരിശീലനം ലഭ്യമാക്കി, ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് കോളേജുകളില്‍ പദ്ധതി നടപ്പിലാക്കുക.
2. ഭിന്നശേഷിക്കാര്‍ക്കുള്ള എംപ്ലോയബിലിറ്റി പ്രോഗ്രാം:
ജില്ലയിലെ ഭിന്നശേഷിക്കാരില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തുകയും വിവിധ സ്ഥാപനങ്ങളില്‍ അവരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ വിവിധ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതുപ്രകാരം തൊഴിലന്വേഷകരായ ഭിന്നശേഷിക്കാരെയും തൊഴില്‍ നല്കാന് സന്നദ്ധതയുള്ള സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
3. ഇന്‍ക്ലുസിവിറ്റി പ്രോട്ടോകോള്‍
ഭിന്നശേഷിക്കാര്‍, ട്രാന്സ്ജെന്റര് വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പൊതു സ്ഥാപനങ്ങളും പൊതുസൗകര്യങ്ങളും ഉപയോഗിക്കുവാന്‍ നിരവധി തടസ്സങ്ങള്‍ നിലവിലുണ്ട്. അത്തരം ഘടകങ്ങളെ കണ്ടെത്തി അവ പരിഹരിക്കുന്നതിന് പ്രായോഗിക നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ഇന്‍ക്ലുസിവിറ്റി പ്രോട്ടോകോള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
4. സമ്പൂര്‍ണ ലീഗല്‍ ഗാർഡിയന്‍ഷിപ്പ് ജില്ല
നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ലീഗല്‍ ഗാർഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന് അടിസ്ഥാനത്തില്‍ ഏറ്റെടുക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ആദ്യ പഞ്ചായത്തായി വേലൂരിനെ തെരഞ്ഞെടുത്ത് പദ്ധതി പ്രഖ്യാപനത്തോട് അടുത്തെത്തി നില്‍ക്കുകയാണ്.
5. കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക്ക് സിഗ്നല്‍ സംവിധാനം
നിലവിലുള്ള ട്രാഫിക്ക് സിഗ്നല്‍ സംവിധാനങ്ങളില്‍ കാഴ്ച പരിമിതര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ ശബ്ദ സിഗ്നല്‍ സംവിധാനം എര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിന് അനുയോജ്യമായ ശാസ്ത്രീയ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണ്‍ ഇതിനോടകം തന്നെ വികസിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ നഗരത്തില്‍ പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
7. ജില്ലാ നൈപുണ്യ വികസന പദ്ധതി
തൊഴില്‍ നൈപുണ്യത്തിന് തുടര്‍ച്ച നിലനിര്‍ത്തുക പുതിയ തൊഴില്‍ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജില്ലാ നൈപുണ്യ വികസന പദ്ധതി ആവിഷ്കരിച്ചത്. സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍, തൊഴില്‍ ശക്തി പോഷിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക് സ്കില്‍ ഡെവലപ്പ്മെന്റ് പ്ലാന്‍. ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സമര്‍പ്പിച്ച 10 പദ്ധതികള്‍ക്ക് ഇതിനകം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നൈപുണ്യ മേഖലയില്‍ ഇന്ത്യയിലെ മികച്ച 30 പദ്ധതികളിലൊന്നായി ജില്ലയുടെ സ്കില്‍ ഡെവലപ്മെന്റ് പ്രൊജക്ട് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
8. ജില്ലാ സ്കില്‍ കലണ്ടര്‍
ജില്ലയില്‍ ലഭ്യമായ തൊഴിലവസരങ്ങള്‍, വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന തൊഴില്‍ മേളകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് ജില്ലാ സ്കില്‍ കലണ്ടര്‍. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും തൊഴിലവസരങ്ങള്‍ തുല്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കില്‍ കലണ്ടര്‍ ഒരുക്കിയിരിക്കുന്നത്. തൊഴില്‍പരവും സംരംഭപരവുമായ ആഗോള ലക്ഷ്യങ്ങള്‍ സ്വപ്നം കാണുന്നവര്‍ക്ക് ഈ അറിവുകള്‍ പ്രയോജനപ്പെടുത്താനുള്ള ആശയങ്ങള്‍ കൂടി പദ്ധതിയിലൂടെ അവതരിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമായ സ്കില്‍ കലണ്ടറില്‍ 20 തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പരിശീലന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
9. പ്രൊജക്ട് ഫ്ളോട്ട്
ജലാശയങ്ങളില്‍ വീണുള്ള മുങ്ങിമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി തുടക്കം കുറിച്ച മുങ്ങിമരണ ദുരന്ത ലഘൂകരണ സാക്ഷരത യജ്ഞമാണ് പ്രോജക്ട് ഫ്ളോട്ട്. സമൂഹത്തില്‍ മുങ്ങിമരണം തടയാനുള്ള ചെലവു കുറഞ്ഞ ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, മുങ്ങിമരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10. മിഷന് പട്ടയം
ജില്ലയിലെ പട്ടയമില്ലാത്ത മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാലപ്പഴക്കവും നിയമപരമായ കുരുക്കുകളും മൂലം സങ്കീര്‍ണമായ പട്ടയവിതരണ പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. പ്രത്യേകിച്ച് വനഭൂമി പട്ടയ വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ തൃശൂര്‍ ജില്ലയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 35000 ക്രയസര്‍ട്ടിഫിക്കറ്റുകളും പട്ടയങ്ങളും വിതരണം ചെയ്ത സ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം 12000 ത്തോളം പേര്‍ക്ക് ഭൂമിക്ക് രേഖ നല്കാന് ജില്ലയ്ക്ക് സാധിച്ചു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഭൂരേഖ ലഭ്യമാക്കുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
11. ഊരുണര്‍വ് പദ്ധതി
ഊരുകളെ ക്ഷയരോഗ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് ഊരുണര്‍വ് പദ്ധതി. ഊരുകളിലെ എല്ലാ താമസക്കാരെയും ടിബി സ്ക്രീനിംഗിന് വിധേയരാക്കി രോഗബാധ കണ്ടെത്തുകയും അവര്‍ക്ക് കൃത്യമായ ചികില്‍സ ലഭ്യമാക്കുകയും ചെയ്യും. രോഗബാധിത കോളനികളില്‍ പ്രതിരോധ മരുന്ന് വിതരണം, പോഷകാഹാര കിറ്റ് വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നാഷനല്‍ ഹെല്‍ത്ത് മിഷന്, ജില്ലാ പഞ്ചായത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

