ന്യൂഡൽഹി: ഭീമമായ നഷ്ടത്തെ തുടർന്ന് കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത സർക്കാരിന്റെ റെസലൂഷൻ പ്ലാനിന് എതിരെ കെ.എസ്.ഇ.ബി. കൊച്ചിയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) അംഗീകാരം നൽകിയ റെസലൂഷൻ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അപ്പീൽ നൽകി. ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണലിൽ (NCLAT) ആണ് അപ്പീൽ നൽകിയത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് തങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച് പരാമർശിക്കാത്ത റെസലൂഷൻ പ്ലാൻ റദ്ദാക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎൽ) എന്ന കമ്പനി രൂപീകരിച്ചാണ് കേന്ദ്രം വിൽപ്പനയ്ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 145 കോടി രൂപയ്ക്കാണ് കേരള വ്യവസായ സൗകര്യ വികസന കോർപറേഷൻ (കിൻഫ്ര) ഏറ്റെടുത്തത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വായ്പ നൽകിയിരുന്ന ആറ് ധനകാര്യ സ്ഥാപനങ്ങളും കിൻഫ്ര സമർപ്പിച്ച റെസലൂഷൻ പ്ലാനിനോട് യോജിച്ചിരുന്നു. തുടർന്നാണ് റെസലൂഷൻ പ്ലാനിന് കൊച്ചിയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകാരം നൽകി ഉത്തരവിറക്കിയത്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണലിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് തങ്ങൾക്ക് 12.75 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്നും ഇത് നൽകുന്നത് സംബന്ധിച്ച് റെസലൂഷൻ പ്ലാനിൽ വിശദീകരിച്ചിട്ടില്ലെന്നുമാണ് അപ്പീലിൽ ആരോപിച്ചിരിക്കുന്നത്. തങ്ങൾ നൽകിയ വൈദ്യുതി കമ്പനിയുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമെ ന്യൂസ് പ്രിന്റിന്റെ ഉത്പാദനത്തിനും ഉപയോഗിച്ചിരുന്നു. അതിനാൽ കുടിശ്ശിക എഴുതിത്തള്ളുന്നത് 2003-ലെ വൈദ്യുതി നിയമത്തിന് എതിരാണെന്നും കെ.എസ്.ഇ.ബി ആരോപിക്കുന്നു. റെസലൂഷൻ പ്ലാൻ തയ്യാറാക്കിയവർക്ക് നിയമപരമായ നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ചപറ്റിയതായും കെ.എസ്.ഇ.ബി അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
.തങ്ങൾക്ക് ലഭിക്കാനുള്ള തുക ഒറ്റ ഗഡുവായി ലഭിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപെടുന്നു. എന്നാൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ റെസലൂഷൻ പ്ലാനിൽ ഇല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.എസ്.ഇ.ബി അവകാശപ്പെടുന്നതിന്റെ 16.3 ശതമാനം മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളത്. വെള്ളൂരിലെ ഫാക്ടറി അടച്ചുപൂട്ടിയതിന് ശേഷം ലേലനടപടികൾ നടന്ന കാലഘട്ടത്തിലെ വൈദ്യുതി ചാർജും തങ്ങൾക്ക് നൽകണമെന്നും കെ.എസ്.ഇ.ബി അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞതിനെ തുടർന്ന് അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത നടപടിയെ പൊതുമേഖല വ്യവസായ രംഗത്തെ ഇടത് സർക്കാരിന്റെ പുതിയ ചരിത്രം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഈ ഏറ്റെടുക്കൽ നടപടിയുടെ ഏറ്റവും നിർണ്ണായകമായ റെസലൂഷൻ പ്ലാനിനെതിരായാണ് സംസ്ഥാന സർക്കാരിന്റെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി നീക്കം നടത്തുന്നത്.

