കശ്മീരിലേക്ക് മയക്കുമരുന്ന് കടത്ത്: അറസ്റ്റിലായ 17 പേരില്‍ 5 പോലീസുകാര്‍

ശ്രീനഗര്‍: പാകിസ്താനില്‍ നിന്ന് കശ്മീരിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവെ പിടിയിലായ 17 പേരില്‍ അഞ്ചുപേര്‍ പോലീസുകാര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തു നിന്ന് മയക്കുമരുന്ന് കടത്തുകയും പിന്നീട് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന വലിയ ശൃംഖലയുണ്ടെന്നു പോലീസ് പറഞ്ഞു.കുപ്‌വാര ജില്ലയിലെ കേരന്‍ സെക്ടര്‍ വഴിയാണ് പാകിസ്താനില്‍ നിന്നു മയക്കുമരുന്ന് എത്തുന്നതെന്നു പോലീസ് വ്യക്തമാക്കി.

”ഞങ്ങള്‍ ഒരു പ്രധാന മയക്കുമരുന്ന് ശൃംഖലയെ കണ്ടെത്തി. 17 പേരെ അറസ്റ്റ് ചെയ്തു – അഞ്ച് പോലീസുകാര്‍, കടയുടമകള്‍, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഒരു കരാറുകാരന്‍ എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു”- മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഇങ്ങനെ. പ്രതികളില്‍ നിന്നു രണ്ട് കിലോ ഹെറോയിന്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ശൃംഖലയ്ക്ക് അഞ്ച് കിലോ ഹെറോയിന്‍ ലഭിച്ചിരുന്നതായും പോലീസ് അറിയിച്ചു.

ഈ വര്‍ഷം കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ 161 പേര്‍ക്കെതിരെ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് സര്‍ക്കാരിനു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ പോലും മയക്കുമരുന്ന് കടത്തിനു സഹായികളായി മാറുകയാണ്. കഴിഞ്ഞ വര്‍ഷം കുപ്‌വാര ജില്ലയിലെ ഹന്ദ്വാര പ്രദേശത്ത് നിയമിക്കപ്പെട്ട ബി.എസ്.എഫ്. സേനാ ഉദ്യോഗസ്ഥനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ കടത്തിന് ലഷ്‌കര്‍-ഇ-തൊയ്ബ ബന്ധവും ആരോപിക്കപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →