കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ‍ഡയറക്ടർ ജാതീയമായ വേർതിരിവ് കാട്ടിയെന്ന പരാതി : അടൂർ ചിത്രത്തിന്റെ പോസ്റ്റർ പോലും പ്രതിഷേധത്തിന് ആയുധമാക്കി വിദ്യാർത്ഥികൾ

കോട്ടയം: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരായ ജാതി വിവേചന പരാതിയിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ പുതിയ അന്വേഷണ സമിതിയെ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, മുൻ നിയമസഭ സെക്രട്ടറി എൻ.കെ.ജയകുമാർ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിഷൻ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥ കമ്മീഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കമ്മിഷൻ നിയമനം.

സ്ഥാപനത്തിന്റെ ചെയർമാനായ അടൂർ ഗോപാലകൃഷ്ണന്റെ വിശ്വസ്തനാണ് ആരോപണവിധേയനായ ഡയറക്ടർ ശങ്കർ മോഹൻ. സർക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിധേയൻ എന്ന അടൂർ ചിത്രത്തിൻറെ പോസ്റ്റർ പോലും പ്രതിഷേധത്തിന് വിദ്യാർത്ഥികൾ ആയുധമാക്കിയിരുന്നു.

വിദ്യാർഥികളുടെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മിഷനെ നിയമിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. സമരം നീണ്ടതോടെ പഠനം ഉപേക്ഷിച്ച് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുക യാണ് ഒരു വിഭാഗം കുട്ടികൾ.

സ്ഥാപനത്തിൻറെ ഡയറക്ടർ ശങ്കർ മോഹൻ ജാതീയമായ വേർതിരിവ് കാട്ടി എന്ന പരാതി ഉന്നയിക്കുന്നത് വിദ്യാർഥികൾ മാത്രമല്ല. സ്ഥാപനത്തിലെ ജീവനക്കാർക്കും ഇതേ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാൻ വരെ ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാർ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തൻറെ വീട്ടിൽ കയറാവൂ എന്ന് ഡയറക്ടർ നിർദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയർന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിനു മാത്രം ഇക്കാര്യം ബോധ്യപ്പെട്ടിട്ടില്ല.

വിദ്യാർഥികളുടെ പരാതി അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി രണ്ടാഴ്ച മുമ്പ് സമിതിയെ വച്ചെങ്കിലും ഇവരുടെ അന്വേഷണം തുടങ്ങിയത് ഒരാഴ്ച മുൻപ് മാത്രം. ആഷിക് അബു ഉൾപ്പെടെ സിപിഎം സഹയാത്രികരായ ചലച്ചിത്ര പ്രവർത്തകർ വരെ ചലച്ചിത്രോൽസവ വേദിയിൽ വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെട്ടിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →