താനൂര്‍: വിവിധ പേരുകളില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് താനൂര്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ ഒസാന്‍ കടപ്പുറം സ്വദേശി മൊയ്തീന്‍ങ്കാനകത്ത് മുഹമ്മദ് റാഫിയെയാണ് (24) താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം പിടികൂടിയത്. പോലീസ് വോളന്റിയര്‍, പോലീസ് സ്‌ക്വാഡ്, ട്രോമ കെയര്‍ എന്നിവ ചമഞ്ഞു മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിവിധ ആളുകളില്‍നിന്നും കടകളില്‍നിന്നും പണം വാങ്ങിച്ചു തട്ടിപ്പ് നടത്തിവരുകയായിരുന്നു.
കഴിഞ്ഞദിവസം ചെനക്കലങ്ങാടി സ്വദേശിയായ മുഹമ്മദ് മുസാഫിര്‍ എന്നയാളുടെ ഓട്ടോറിക്ഷ പോലീസ് വോളണ്ടിയര്‍ ആണെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയി മലപ്പുറം, ഫറോക്ക് എന്നിവിടങ്ങളില്‍ കറങ്ങി തിരിച്ചുവന്നു ഓട്ടോ ചാര്‍ജ് കൊടുക്കാതെ പറ്റിച്ച പരാതിയിലാണ് താനൂര്‍ പോലീസ് യുവാവിനെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതിലാണ് നിരവധി തട്ടിപ്പുകള്‍ പുറത്തായത്. തിരൂരിലെ ഒരു കടയില്‍ ഹാന്‍സ് വില്‍ക്കുന്നതറിഞ്ഞു പോലീസ് സക്വാഡ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ അരീക്കോട്, താനൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. പ്രതി തങ്ങള്‍കുടുംബത്തിലെ അംഗമാണ് എന്നു പറഞ്ഞ് കര്‍മ്മങ്ങള്‍ ചെയ്തും പണം വാങ്ങി തട്ടിപ്പു നടത്തിയിരുന്നു. താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.ഡി. കൃഷ്ണലാല്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ് എന്നിരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ തന്ത്രപൂര്‍വ്വം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

