ദോഹ: ഖത്തറില്‍ ആവേശത്തിന്റെ രസമാപിനി വാനോളമുയര്‍ത്തിയ ലോകകപ്പ് ഫുട്‌ബോള്‍ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നു കീഴടക്കി അര്‍ജന്റീന വിശ്വവിജയികള്‍. നിശ്ചിത സമയത്ത് 2-2 നും അധികസമയത്ത് 3-3 നും ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ടില്‍ ലോകജേതാക്കളെ നിശ്ചയിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി ഇരട്ടഗോള്‍ നേടിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയാണ് മൂന്നാം ഗോളിന് അവകാശിയായത്. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഹാട്രിക്കടിച്ചു.
ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുക്കാനെത്തിയത് ഫൈനലില്‍ ഹാട്രിക്കടിച്ച കിലിയന്‍ എംബാപ്പെ. കിക്കെടുത്ത അതേദിശയിലേക്കു ചാടിയ എമിലിയോ മാര്‍ട്ടിനെസിന്റെ കൈയില്‍ത്തട്ടി പന്ത് വലയില്‍. ഫ്രാന്‍സ് 1-0. അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്തത് സാക്ഷാല്‍ ലയണല്‍ മെസി. ഹ്യൂഗോ ലോറിസിനെ കീഴടക്കി മിശിഹ ലക്ഷ്യം ഭേദിച്ചു; സ്‌കോര്‍ 1-1. ഫ്രാന്‍സിനായി രണ്ടാം കിക്കെടുത്ത കിങ്‌സ്‌ലി കൊമാന്റെ കിക്ക് എമിലിയാനോ തട്ടിയകറ്റി. അടുത്ത കിക്കെടുത്ത പൗളോ ഡിബാല ലക്ഷ്യം ഭേദിച്ചു; അര്‍ജന്റീന 2-1. ഫ്രാന്‍സിനായി ചൗമെനിയുടെ മൂന്നാം കിക്ക് പുറത്തേക്കുപോയതോടെ മാര്‍ട്ടിനെസിന്റെ ശരീരംകുലുക്കിയുള്ള നൃത്തം. പാരെഡീസിലുടെ അര്‍ജന്റീന ലീഡുയര്‍ത്തി. കോലോ മുവാനി ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ടു. എന്നാല്‍ അവസാന കിക്കെടുത്ത് മോണ്ടിയാല്‍ അര്‍ജന്റീനയ്ക്കും മെസിക്കും 36-വര്‍ഷത്തിനുശേഷം ലോകകിരീടം സമ്മാനിച്ചു.
തുടക്കം മുതല്‍ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാറസിന്റെ ഗോള്‍ ശ്രമം ഓഫ് സൈഡായി. അഞ്ചാം മിനിറ്റില്‍ മക് അലിസ്റ്ററുടെ ലോങ്‌റേഞ്ചര്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മികവില്‍ വല കടന്നില്ല. ഒന്‍പതാം മിനിറ്റില്‍ ലഭിച്ച മത്സരത്തിലെ ആദ്യ കോര്‍ണര്‍ ഗോളാക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. മെസി നല്‍കിയ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മറുപക്ഷത്തും ഗോളവസരം പാഴായി. അന്റോയിന്‍ ഗ്രീസ്മാന്റെ മനോഹരമായ ഫ്രീ കിക്ക് ഒലിവര്‍ ജിറൂഡ് ഹെഡ് ചെയ്‌തെങ്കിലും പുറത്തേക്കായിരുന്നു പന്തിന്റെ ഗതി. 21-ാം മിനിറ്റില്‍ കാത്തിരുന്ന നിമിഷമെത്തി. ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ചല്‍ ഡി മരിയയെ ഒസുമാനെ ഡെംബലെ വീഴ്ത്തിയതിനു ഫ്രഞ്ച് താരങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്തത് ലയണല്‍ മെസി. ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് കൊണ്ട് മെസിയുടെ ഷോട്ട് പോസ്റ്റിന്റെ വലതു വശത്തേക്ക്. വാമോസ് അര്‍ജന്റീന, വാമോസ് മെസി… ലുസെയ്ല്‍ സ്‌റ്റേഡിയം ഒന്നടങ്കം അലറി. മെസിയുടെ ഖത്തറിലെ ആറാം ഗോളായിരുന്നു അത്.
ഗോളടിച്ച ശേഷവും ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ ആക്രമണം തുടര്‍ന്നു. 36-ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി. മെസി തുടങ്ങിവച്ച മുന്നേറ്റമാണു ഗോളില്‍ കലാശിച്ചത്. മെസി മറിച്ചു നല്‍കിയ പന്തുമായി മക് അലിസ്റ്റര്‍ അതിവേഗം ഫ്രഞ്ച് ബോക്‌സിനു മുന്നിലെത്തി. ശിഥിലമായ ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ച് അലിസ്റ്റര്‍ പന്ത് ഡി മരിയയ്ക്ക് മറിച്ചു. ഗോള്‍ കീപ്പര്‍ ലോറിസ് മാത്രം മുന്നില്‍ നില്‍ക്കേ ഡി മരിയയുടെ ഷോട്ട് വലയിലേക്ക്

