ബീഡി തെറുപ്പിൽനിന്ന് അമേരിക്കൻ ജില്ലാ ജഡ്ജി പദവിയിലേക്ക് ഉയർന്ന മലയാളി

കാഞ്ഞങ്ങാട്: ‘സ്‌കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നത് വരെ ആ പണിയെടുക്കും. കോളേജിൽ പഠിക്കുമ്പോൾ കൽപ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അദ്ധ്വാനം. ഒന്നും വെറുതെയായില്ല…’ -അമേരിക്കയിൽ ജില്ലാ ജഡ്ജിയായ സുരേന്ദ്രൻ കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തിൽ അഭിഭാഷകരുടെ കണ്ണുകൾ ഈറനണിഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജിയായി നിയമനം ലഭിച്ചശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് ഹൊസ്ദുർഗ് ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്.

‘സർക്കാർ സ്‌കൂളിൽ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകൾ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാൻ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവർഷം പഠിക്കാൻ പോയില്ല. പൂർണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജിൽ പ്രീഡിഗ്രിക്കും പയ്യന്നൂർ കോളേജിൽ ബിരുദത്തിനും പഠിക്കുന്ന കാലം നാടൻപണിക്കിറങ്ങി. എൽഎൽ.ബി.ക്ക് കോഴിക്കോട് ലോ കോളേജിൽ പഠിക്കുമ്പോൾ ഹോട്ടൽ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടൽ കഴുകണം.

എൽഎൽ.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടൻ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവർത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡൽഹിയിൽ നഴ്സായി ജോലി കിട്ടിയപ്പോൾ അഭിഭാഷകജീവിതം തലസ്ഥാനത്തേക്കു മാറ്റി.സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയിൽ ജോലികിട്ടിയപ്പോൾ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയിൽ ജോലിക്കാരനായി. അതിനിടയിൽ അഭിഭാഷക ലൈസൻസിങ് പരീക്ഷയെഴുതി. പിന്നീട് എൽഎൽ.എം. ജയിച്ചു. ജില്ലാ ജഡ്ജിയാകാൻ അവിടെ ജനകീയ വോട്ടെടുപ്പാണ്.ഡെമോക്രാറ്റിക് പാർട്ടിയിൽ മത്സരിച്ച് പ്രാഥമിക റൗണ്ടിൽ സിറ്റിങ് ജഡ്ജിയെ തോൽപ്പിച്ചു. തുടർ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി. ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രൻ പറഞ്ഞു.

ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ.രാജ്മോഹൻ അധ്യക്ഷനായി. ന്യായാധിപരായ സി.സുരേഷ്‌കുമാർ, എം.സി.ആന്റണി, എസ്.എ.സജാദ്, അഭിഭാഷകരായ സി.കെ.ശ്രീധരൻ, പി.അപ്പുക്കുട്ടൻ, പി.കെ.സതീശൻ, ഇ.കെ.നസീമ അബ്ദുള്ള എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →