വയനാട് കാട്ടികുളത്ത് കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല

കാട്ടികുളം: വയനാട് കാട്ടികുളം സ്വദേശി പുഷ്പജന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തി.. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പിന്റെ പാമ്പുപിടിത്തവിദഗ്ധൻ സുജിത് പാമ്പിനെ പുറത്തെടുക്കുകയും പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിടുകയും ചെയ്തു. 2022 ഡിസംബർ 16 വെള്ളിയാഴ്ച രാത്രിയോടെയാണ് പാമ്പിനെ പിടികൂടിയത്.

സാധാരണയായി ചേരകളെ കാണാറുള്ള സ്ഥലമായതിനാൽ ഇഴഞ്ഞുനീങ്ങിയ രാജവെമ്പാലയെ കണ്ടെങ്കിലും വീട്ടുകാർ അധികം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കാർഷെഡിന് സമീപത്തേക്ക് നീങ്ങിയതോടെ വീട്ടുകാർ ശ്രദ്ധിച്ചു.കാർഷെഡിലെവിടെയും പാമ്പിനെ കാണാതായതോടെ കാറിനുള്ളിൽ പരിശോധന നടത്തി. അപ്പോഴാണ് ബോണറ്റിൽ കയറിക്കൂടിയ നിലയിൽ പാമ്പിനെ കണ്ടെത്തിയത്. പിന്നീട് പാമ്പിന്റെ ഫോട്ടോ സുജിത്തിന് അയച്ചുകൊടുത്തതോടെയാണ് പാമ്പ് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടുകാരും പരിസരവാസികളും പരിഭ്രാന്തരായി.

സാധാരണയായി കാറിനുള്ളിൽ കയറിയ ചെറിയ പാമ്പുകളെ പിടികൂടാൻ സാധിക്കാറില്ലെന്ന് സുജിത് പറയുന്നു. വലിപ്പമേറിയ പാമ്പായതിനാലാണ് ഇതിനെ പുറത്തെടുക്കാനായതെന്നും സുജിത് പറഞ്ഞു. വാഹനത്തിനുള്ളിൽ പാമ്പ് കയറിക്കൂടിയതായി തിരിച്ചറിഞ്ഞാൽ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടാൽ പാമ്പ് ഇറങ്ങിപ്പോകുകയാണ് പതിവെന്നും സുജിത് കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →