ഗെലോട്ട്-പൈലറ്റ് പോരില്‍ നടപടി തീരുമാനിച്ചിട്ടില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരില്‍ പാര്‍ട്ടി നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി. അശോക് ഗെലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിസ്ഥാനത്തു നിയമിക്കുന്നതിനെ ഗെലോട്ടിന്റെ വിശ്വസ്തര്‍ പരസ്യമായി എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇതാരു പാര്‍ട്ടിയില്‍ നടക്കുന്ന കാര്യമാണ്. രാജസ്ഥാനില്‍ അങ്ങനെ സംഭവിച്ചെന്നുള്ളത് ശരിയുമാണ്. എന്നാല്‍, വിഭാഗീയത പാര്‍ട്ടിയുടെ പ്രതീക്ഷകളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ട ഇന്നലെ രാജസ്ഥാനിലെ ദൗസയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനകം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യോത്തരങ്ങള്‍. ”കോണ്‍ഗ്രസിനു സാധാരണ ജനങ്ങളുടെ പിന്തുണയുണ്ട്. താഴെത്തട്ടിലുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്‍ബലത്തിലാണു ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് ക്ഷതമുണ്ടാവില്ല.” രാഹുല്‍ വിശദീകരിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്നു ചോദിച്ചപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധികുടുംബത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധ്യക്ഷനായ ഖാര്‍ഗെ, പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്താനുള്ള ഊഴം ഗഹ്‌ലോട്ടിനു നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് ആ സ്ഥാനത്തെത്തിയത്. ഈ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ വിഷയത്തില്‍ അദ്ദേഹം എന്തു നിലപാടെടുക്കുമെന്നത് ശ്രദ്ധേയമായിരിക്കും.

71 വയസുകാരനായ ഗെലോട്ട്, സച്ചിന്‍ പൈലറ്റിനെ ‘വഞ്ചകന്‍’ എന്നുവരെ വിളിച്ചിരുന്നു. 2020-ല്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിനാല്‍ പൈലറ്റ് ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഇരുനേതാക്കളും തമ്മില്‍ പ്രത്യക്ഷമായ ഒരു സന്ധി പിന്നീട് രൂപപ്പെട്ടു. പുറമേ പ്രശ്‌നങ്ങളില്ലെങ്കിലും ഉള്ളില്‍ അസ്വസ്ഥത പുകയുന്ന അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പെത്തുന്നത്. ജോഡോ യാത്രയ്ക്ക് രാജസ്ഥാനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →