തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇരട്ട ബിരുദം പഠിക്കാന്‍ അവസരം നല്‍കാന്‍ 15/12/2022 ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. 2022 ഏപ്രിലിലെ യു.ജി.സി റഗുലേഷന്‍ മാര്‍ഗരേഖ അനുസരിച്ചാണ് തീരുമാനം. അകാദമിക് കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്‍ വാഹിദ് അവതരിപ്പിച്ച പ്രമേയത്തെത്തുടര്‍ന്നാണ് തീരുമാനമെടുത്തത്. അക്കാദമിക ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഫിലിയേറ്റഡ് കോളജുകളുടെ ഗവേഷണകേന്ദ്രങ്ങളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് ഏര്‍പ്പെടുത്തും.
2022 മാര്‍ച്ചിന് ശേഷംഅണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴി ബിരുദ -ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഈക്വലന്‍സി നല്‍കില്ല. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ വിദൂര വിദ്യാഭ്യാസകേന്ദ്രത്തിന്റെ അംഗീകാരം യു.ജി.സി പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2015 അക്കാദമിക് വര്‍ഷം മുതല്‍ യു.ജി.സി. അംഗീകാരം പിന്‍വലിച്ചിട്ടുണ്ടങ്കിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തീരുമാനത്തിന് മുന്‍കാല പ്രാബല്യം ഉണ്ടാവില്ല.
ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് മാതൃഭാഷയില്‍ പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കും. സ്വാശ്രയ കോളജുകളില്‍ അധ്യാപകര്‍, അഫിലിയേറ്റഡ് കോളജുകളില്‍ ഗസ്റ്റ് അധ്യാപകര്‍, ഡിസ്റ്റന്‍സ് എഡ്യൂക്കേഷനിലെ കരാര്‍ അധ്യാപകര്‍, യൂണിവേഴ്‌സിറ്റി സെന്ററുകളിലെ അധ്യാപകര്‍ എന്നിവര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡി ചെയ്യാനുള്ള അനുവാദം നല്‍കും. ആവശ്യമായ ഇന്റേണല്‍ മാര്‍ക്ക് ഇല്ലാത്തതിനാല്‍ ഡിഗ്രി പരാജയപ്പെട്ടവര്‍ക്ക് കോഴ്‌സ് റിപ്പീറ്റ് ചെയ്യാനുള്ള അവസരം നല്‍കും.ബി.ബി.എ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരേസമയം കൊമേഴ്‌സ്, മാനേജ്‌മെന്റ് ബിരുദാനന്തര ഡിഗ്രി ഉള്ളവര്‍ക്ക് തുല്യ അവസരം നല്‍കാനും തീരുമാനമുണ്ട്.

