ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ദേശീയ ഉദ്യാനവും പാര്‍ക്കും ഉള്‍പ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി നില്‍ക്കണം. ഈ വിധിയെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം എങ്ങനെ പരിഹരിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതിന് സര്‍ക്കാര്‍ ഒരു നിലപാട് എടുത്തു, ജനവാസ മേഖലയെ എങ്ങനെ പൂര്‍ണമായി ഒഴിവാക്കാം. നമുക്ക് ജനവാസ മേഖലയല്ലാത്ത സ്ഥലം വളരെ കുറവാണ്. ഈ കേസുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജനസാന്ദ്രത ഉള്ള മേഖലയാണെങ്കില്‍ കൃത്യമായ സ്ഥിതി വിവര കണക്കുകള്‍ ഹാജരാക്കണം. കെട്ടിടങ്ങള്‍, ആശുപതികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ സുപ്രീംകോടതിക്ക് നല്‍കണം. ഇതാണ് നമ്മുടെ ഭാഗത്തുനിന്നും ജനസാന്ദ്രത കാണിക്കുന്നതിനുള്ള തെളിവ്. സാറ്റലൈറ്റ് സര്‍വേ നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ചുള്ള ആകാശ സര്‍വേ ആണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ആകാശ സര്‍വേ നടത്തിയതു കൊണ്ടു മാത്രം യാഥാര്‍ഥ്യമായി കൊള്ളണമെന്നില്ല എന്നത് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിദഗ്ധ നിഷ്പക്ഷ സമിതിയെ നിശ്ചയിക്കാന്‍ വേണ്ടി തീരുമാനിച്ചിരുന്നു. ഈ സമിതി ഇതിനകം മൂന്നു തവണ യോഗം ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം അറിയണം.

അതിനുള്ള അടിസ്ഥാന രേഖയാണ് ആകാശ സര്‍വേയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഈ റിപ്പോര്‍ട്ടില്‍ നിന്നും ഏതെല്ലാം സ്ഥാപനങ്ങളും, സ്ഥലങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും, കൂടാതെ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സര്‍വേ നമ്പറിലുളള സ്ഥലം ഉള്‍പ്പെട്ടുണ്ടോയെന്നും മനസിലാക്കാം. ഇതിനെ ഒരു അടിസ്ഥാന രേഖയായി ആയി കണ്ടാണ് റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുള്ളത്. പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനായി ഒരു പെര്‍ഫോമ തയാറാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷകരെ സഹായിക്കുന്നതിനായി പഞ്ചായത്ത് തലത്തിന്‍ കുടുബശ്രീയുടെ സഹായത്തോടെ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കുന്നതിനായി ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിക്ക് മുന്‍പാകെ ഇപ്പോള്‍ ഹര്‍ജി നല്‍കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബഫര്‍സോണുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് സ്വന്തം പുരയിടത്തില്‍ നിന്ന് നിയമ തടസമില്ലാത്ത മരങ്ങള്‍ പോലും മുറിക്കാന്‍ സാധിക്കുന്നില്ലെന്നു യോഗത്തില്‍ ഉയര്‍ന്ന പരാതിയിന്‍മേല്‍, മരങ്ങള്‍ മുറിയ്ക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പമുണ്ട്. ഉദ്യോഗസ്ഥരുടെ ആശയകുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതാണ്. സര്‍ക്കുലര്‍ വരുന്നതോട് കൂടി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പട്ടയഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനായി 21.12.2022-ന് വനം-റവന്യൂ വകുപ്പുമന്ത്രിമാരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

വന്യമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ച പരാതിയാണ് യോഗത്തില്‍ എറ്റവും കൂടുതല്‍ ഉയര്‍ന്നത്. വന്യജീവി ആക്രമണം തടയുന്നതിന് നിലവിലുള്ള സോളാര്‍ വേലികള്‍ പര്യാപ്തമല്ലെന്നും പകരം വനാതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണം, വന്യമൃഗങ്ങളുടെ ആക്രമത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് ധനസഹായം ലഭിക്കണം, വന്യജീവികള്‍ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണം, കാട്ടുപന്നികളുടെ അക്രമണത്തിന് പരിഹാരം കാണണം തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. എംഎല്‍എമാര്‍ അടങ്ങുന്ന ജനപ്രതിനിധികള്‍, വിവിധ കാര്‍ഷിക സംഘടനകള്‍, പഞ്ചായത്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടായ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി വൈദ്യുതി വേലി, മതില്‍ അല്ലെങ്കില്‍ ഉചിതമായ പരിഹാര മാര്‍ഗം സ്വീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, എംഎല്‍എ ഫണ്ട് എന്നിവ ഉപയോഗിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് എംഎല്‍എമാരായ അഡ്വ. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.

വന്യമൃഗങ്ങളില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ കാര്‍ഷിക ജീവിതത്തെയും, കാര്‍ഷിക വൃത്തിയെയും, കര്‍ഷകരെയും സാമൂഹിക ജീവിതത്തെയും പൊതുജീവിതത്തെയും ബാധിക്കുന്ന സാചര്യമാണുളളതെന്നും നിലവിലുള്ള പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വന പ്രദേശം ധാരാളം ഉള്‍പ്പെടുന്ന ജില്ലയായതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വനവുമായും വന നിയമങ്ങളുമായും ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതായി അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു പൊതു സമൂഹത്തെ തെറ്റി ധരിപ്പിക്കുന്ന രീതിയില്‍ തെറ്റായി പല വിവരങ്ങളും പ്രചരിപ്പിക്കുന്നതായി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങള്‍ കര്‍ഷകര്‍ക്ക് തന്നെയാണ് ദോഷം ചെയ്യുന്നത്. ഇത്തരം തെറ്റിധാരണകളുടെ ഭാഗമായി കര്‍ഷകകര്‍ക്കുണ്ടായ ആശങ്കയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി കര്‍ഷക പ്രതിനിധികളും, മറ്റ് ബന്ധപെട്ടവരെയും നേരില്‍ കണ്ടു ചര്‍ച്ച ചെയ്തു പ്രശ്‌നപരിഹാരത്തിനായി മന്ത്രി നേരിട്ട് ജില്ലയില്‍ എത്തുകയായിരുന്നു എന്നും എംഎല്‍എ അറിയിച്ചു.

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നിലിലുള്ള ആശങ്കകള്‍ പരിഹരിച്ചു കൊണ്ട് റവന്യൂ വകുപ്പും വനം വകുപ്പ് മന്ത്രിയും സംയുക്തമായി യോഗം ചേര്‍ന്ന് ചട്ട ഭേദഗതിയുടെ ആവശ്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സീറോ ബഫര്‍ സോണ്‍ എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. ജില്ലയില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ റിമോട്ട് സെന്‍സിംഗ് സര്‍വേയ്ക്കു പുറമേ ഫീല്‍ഡ് സര്‍വേ എന്ന ആവശ്യവും പരിഗണിക്കണം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വന്യജീവികളുടെ ആക്രമണം തടയുന്നതിനായി വന്യമ്യഗങ്ങളുടെ ബോഡി ഹീറ്റ്, അവരുടെ ചലനം എന്നിവ സെന്‍സ് ചെയ്ത് കൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മനസിലാക്കാനുള്ള സാങ്കേതികവിദ്യ വിദേശ രാജ്യങ്ങളില്‍ പരിക്ഷിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ട്അപ് മിഷനുകളുടെ സേവനം ലഭ്യമാക്കാന്‍ വനം വകുപ്പ് ആലോചിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, ഡിഎഫ്ഒ റാന്നി പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സി.കെ. ഹാബി, വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →