പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെയും പ്രൊഫഷണൽ സമീപനത്തോടെയും പ്രവർത്തിപ്പിച്ചാൽ നാടിനാകെ ഗുണകരമാകുമെന്നാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഡിറ്റിന്റെ സ്ഥാപകദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ വിൽപന നടത്തി ഒഴിവാക്കേണ്ട നയമല്ല സ്വീകരിക്കേണ്ടത്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി പ്രത്യേക പൊതുമേഖലാ നയം സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിലെ 25 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായത്. പതിനെട്ട് ശതമാനം വർധനവോടെ 3892 കോടി രൂപ വിറ്റുവരവുണ്ടായി. 386 കോടി രൂപയാണ് മൊത്തം പ്രവർത്തന ലാഭം.
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്ന നയം സ്വീകരിക്കുമ്പോൾ അത് മനസിലാക്കിയുള്ള സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണം. മാറുന്ന കാലത്തിനനുസരിച്ച് പുതിയ പ്രവർത്തന മേഖല കണ്ടെത്തുകയും സ്വയം നവീകരണത്തിന് വിധേയമാവുകയും വേണം. എങ്കിൽ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉയർച്ചയുണ്ടാകൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങളെ കൂടുതൽ ജനോൻമുഖമാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കുകയാണ്. ഐ. ടി രംഗത്ത് 2016 മുതൽ കേരളത്തിലാകെ 46 ലക്ഷം ചതുരശ്ര അടി തൊഴിലിടവും അതിലാകെ 45869 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇത്രയും വിപുലവും ഊർജസ്വലവുമായി ഐടി വികസനം നടന്ന മറ്റൊരു കാലമില്ല. ഭാവിയുടെ പദാർത്ഥം എന്ന് അറിയപ്പെടുന്ന ഗ്രഫീൻ വികസനത്തിനും ഗവേഷണത്തിനും ഉതകുന്ന ഗ്രഫീൻ ഇന്നൊവേഷൻ കേന്ദ്രം സ്ഥാപിച്ചത് ഇടതു സർക്കാരാണ്. തിരുവനന്തപുരത്തിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ് ആയി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ തൊഴിൽ സംസ്‌കാരത്തിൽ വലിയ മാറ്റം വരുത്തിയതായി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. ആധുനിക കാലത്ത് ഏറ്റവും വലിയ മത്സരം നടക്കുന്നത് ഐ. ടി രംഗത്താണ്. ഐ. ടി രംഗത്തെ വികസനങ്ങളോടു മുഖം തിരിച്ചു നിൽക്കാനാവില്ല. സിറ്റിസൺ എന്ന വാക്ക് നെറ്റിസൺ എന്നായി മാറുന്ന ആധുനിക കാലമാണിതെന്ന് സ്പീക്കർ പറഞ്ഞു.