ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടരുന്നു. അര്‍ജന്റീന-ക്രൊയേഷ്യ ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയല്‍ ഒര്‍സാറ്റോയാണ് ഇത്തവണ വിമര്‍ശനവിധേയന്‍.ക്രൊയേഷ്യന്‍ താരങ്ങളും പരിശീലകനുമാണ് റഫറിയെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയത്. കളിയുടെ തുടക്കംമുതല്‍ നിയന്ത്രണവും ആധിപത്യവും പുലര്‍ത്തിയിരുന്ന ക്രൊയേഷ്യക്കെതിരേ പെനാല്‍റ്റി വിധിച്ചതാണ് ഒര്‍സാറ്റോയെ വില്ലനാക്കിയത്.

ജൂലിന്‍ അല്‍വാരസിനെ വീഴ്ത്തിയതിനു ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനെതിരേയായിരുന്നു റഫറിയുടെ നിര്‍ണായക പെനാല്‍റ്റി. മെസിയെടുത്ത പെനാല്‍റ്റി ലക്ഷ്യത്തിലെത്തിയതു മത്സരഗതിയെത്തന്നെ മാറ്റിമറിച്ചു. മത്സരം എതിരില്ലാത്ത മൂന്നുഗോളിന് അടിയറവച്ചതിനു പിന്നാലെ ക്രൊയേഷ്യ ഒര്‍സാറ്റോയെ പഴിച്ച് കളംപിടിച്ചു. തന്റെ അവസാന ലോകകപ്പ് കളിക്കുന്ന ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും പരിശീലകന്‍ സ്ലാറ്റ്കോ ഡാലിച്ചുമാണ് ആരോപണവര്‍ഷത്തിനുപിന്നില്‍.

സാധാരണ റഫറിമാരെ വിമര്‍ശിക്കാറില്ലെന്ന മുഖവുരയോടെയായിരുന്നു മോഡ്രിച്ചിന്റെ വിമര്‍ശനം. മോശം റഫറിമാരുടെ പട്ടികയിലാണ് ഒര്‍സാറ്റോ. അദ്ദേഹം നിയന്ത്രിച്ച മുന്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ഒരുകാലത്തും നല്ല ഓര്‍മകളൊന്നും സമ്മാനിക്കാത്ത അയാളൊരു ദുരന്തമാണെന്നു പറയാതിരിക്കാനാകില്ല. ആ പെനാല്‍റ്റി അനുവദിക്കരുതായിരുന്നു. അതുവരെ നന്നായി കളിച്ച ഞങ്ങളെ അതു തകര്‍ത്തുകളഞ്ഞു. കളി ജയിച്ച അര്‍ജന്റീനയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനല്ല ഇതു പറയുന്നത്. അവരെ അഭിനന്ദിക്കുന്നു. എങ്കിലും കളിമാറ്റിയത് ആ പെനാല്‍റ്റിയായിരുന്നു-മോഡ്രിച്ച് പറഞ്ഞു.

അല്‍വാരസ് ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനെ ഇടിച്ചിടുകയായിരുന്നുവെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ച് ന്യായീകരിച്ചു. അതിനു പെനാല്‍റ്റി അനുവദിച്ചത് ഏതെങ്കിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണോ? പൂര്‍ണ നിയന്ത്രണമുണ്ടായിരുന്ന മത്സരത്തില്‍ ഞങ്ങളുടെ പിടി അയച്ചത് ആ ഒറ്റ തീരുമാനമായിരുന്നു-ഡാലിച്ച് പറഞ്ഞൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →