കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരത്തിനു ടിക്കറ്റ് നിരക്കിളവു പ്രഖ്യാപിച്ച് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്. ക്രിസ്മസ് പിറ്റേന്ന് ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തിനാണ് പ്രത്യേക ടിക്കറ്റ് നിരക്കുകള്‍. എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ 299, 399, 499, 899 രൂ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപയ്ക്ക് ആരാധകര്‍ക്ക് നല്‍കുന്നത്.
വി.ഐ.പി, വി.വി.ഐ.പി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഐ.എസ്.എലില്‍ തുടര്‍ച്ചയായ അഞ്ച് തുടര്‍വിജയങ്ങളുമായി മിന്നും പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവയ്ക്കുന്നത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ടീം ലക്ഷ്യമിടുന്നത്.

