സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയന്‍; വീട്ടില്‍നിന്ന് ഇ.ഡി. പിടിച്ചത് 5 കിലോ സ്വര്‍ണം

കൊച്ചി: വിവാദ സ്വര്‍ണക്കടത്തു കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍നിന്ന് 2.51 കോടി രൂപ വിലവരുന്ന അഞ്ചുകിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജുവലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമായ അബൂബക്കര്‍ പഴേടത്തിന്റെ സ്വകാര്യകേന്ദ്രത്തിലെ രഹസ്യ അറയില്‍നിന്നാണു സ്വര്‍ണം പിടികൂടിയത്. സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ 3.79 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതു സംബന്ധിച്ച് ഇ.ഡിക്കു പുറമേ എന്‍.ഐ.എയും കസ്റ്റംസ് വകുപ്പും പ്രത്യേകം അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണു ജ്വല്ലറി ഉടമയുടെ പക്കല്‍നിന്ന് സ്വര്‍ണം പിടികൂടിയത്.

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറിന്റെ നേതൃത്വത്തില്‍ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ സ്വര്‍ണക്കടത്തിലെ ഗുണഭോക്താക്കളില്‍ ഒരാളാണ് അബൂബക്കര്‍ പഴേടത്തെന്ന് ഇ.ഡിയുടെ അറിയിപ്പില്‍ പറയുന്നു.

ജൂലൈയില്‍ കസ്റ്റംസ് പിടിച്ചെടുത്തതില്‍ മൂന്നുകിലോ സ്വര്‍ണം അബൂബക്കര്‍ പഴേടത്തിന്റേതാണെന്നും ഇ.ഡി. വ്യക്തമാക്കി. ഈ സ്വര്‍ണം തന്റേതാണെന്നും യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി നേരത്തെയും സമാനമായ രീതിയില്‍ ആറുകിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പഴേടത്ത് സമ്മതിച്ചതായും ഇ.ഡി. അറിയിച്ചു.

അബൂബക്കര്‍ ഇപ്പോഴും തന്റെ സ്ഥാപനങ്ങള്‍ വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സന്ദീപ് നായര്‍, ശിവശങ്കര്‍ എന്നിവരെ കൂടാതെ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായിരുന്ന സരിത്ത്, സ്വപ്‌ന സുരേഷ് എന്നിവരെയും ഇ.ഡി. നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പി.എം.എല്‍.എ.) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →