കണ്ണൂര്‍: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ശമ്പളത്തിനായി മൂന്നു വര്‍ഷമായി ഖാദി ബോര്‍ഡില്‍ കയറിയിറങ്ങുകയായിരുന്ന കണ്ണൂര്‍ കുറ്റിയാട്ടൂരിലെ കെ. നിഷയ്ക്ക് ഒടുവില്‍ നീതി. ഖാദി ബോര്‍ഡില്‍നിന്നു നിഷയ്ക്കു ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ ഡ്രാഫ്റ്റ് ഹൈക്കോടതിയില്‍നിന്നു കൈപ്പറ്റി. ശമ്പളമായി ലഭിക്കേണ്ട 3,37,147 രൂപയുടെ ഡ്രാഫ്റ്റാണ് ഖാദി ബോര്‍ഡ് നല്‍കിയത്.
സെയില്‍സ് അസിസ്റ്റന്റായിരുന്ന നിഷ ഖാദി ബോര്‍ഡിന്റെ കണ്ണൂര്‍ വിപണനകേന്ദ്രത്തില്‍ ദിവസം 400 രൂപ വേതനത്തില്‍ ജോലിക്കു കയറിയത് 2013ലായിരുന്നു. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നതോടെ 2017ല്‍ അകാരണമായി പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരേ നിഷ ലേബര്‍ കോടതിയെ സമീപിച്ചു ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള അനുകൂല വിധി നേടി. തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവുവന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും ഇല്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കണമെന്നും ഉത്തരവായി. ഇതിനെതിരേ ഖാദി ബോര്‍ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി.
ശമ്പളം കിട്ടാത്തതില്‍ പരാതി പറയാന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജനെ നേരില്‍ കാണാന്‍ പോയപ്പോഴും വളരെ മോശം പ്രതികരണമാണുണ്ടായതെന്നും നിഷ ആരോപിച്ചിരുന്നു. ഹൈക്കോടതിയില്‍നിന്നാണ് ശമ്പളം നല്‍കാനുള്ള ഡ്രാഫ്റ്റ് നിഷയുടെ വക്കീലിനു കഴിഞ്ഞദിവസം ലഭിച്ചത്. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും അകാരണമായി പിരിച്ചുവിട്ടതു ചോദ്യംചെയ്ത് നിയമപോരാട്ടം തുടരുമെന്നും നിഷ പറഞ്ഞു. ഭര്‍ത്താവും മാതാപിതാക്കളും രണ്ടു പെണ്കുട്ടികളുമടങ്ങുന്നതാണു നിഷയുടെ കുടുംബം. ഭാര്‍ത്താവിന്റെ വരുമാനം മാത്രമാണ് ആശ്രയം. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ നിഷയ്ക്കു മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും സാധിച്ചില്ല.

