ന്യൂഡല്‍ഹി: രാജ്യത്ത് പൊതു വ്യക്തിനിയമം നടപ്പാക്കുന്നത് സംബന്ധിച്ച സ്വകാര്യ ബില്‍ പ്രതിപക്ഷപ്രതിഷേധത്തിനിടെ രാജ്യസഭയില്‍ അവതരിപ്പിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി. അംഗം കിരോദി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ബഹുസ്വരതയെ ബാധിക്കുമെന്നാരോപിച്ച് ബില്ലിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന മൂന്ന് പ്രമേയങ്ങള്‍ 23-നെതിരേ 63 വോട്ടിനു തള്ളി.
ഭരണഘടനയുടെ മാര്‍ഗനിര്‍േദശകതത്വങ്ങളില്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ബില്‍ കൊണ്ടുവരാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിഷയം സഭയില്‍ ചര്‍ച്ചചെയ്യാമെന്നും പ്രതിഷേധങ്ങളെ ഖണ്ഡിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. തുടര്‍ന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ബില്‍ അവതരണാനുമതി ശബ്ദവോട്ടിനിടുകയായിരുന്നു.
ജനജീവിതത്തെ ബാധിക്കുന്ന സങ്കീര്‍ണമായ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടാതെ ബില്‍ അവതരിപ്പിക്കരുതെന്നു പ്രതിപക്ഷത്തുനിന്നു വാദമുയര്‍ന്നു. ഏകീകൃത വ്യക്തിനിയമം അനിവാര്യമോ അഭികാമ്യമോ അല്ലെന്നു വ്യക്തമാക്കുന്ന ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് സി.പി.എം. അംഗം ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പൊതുവ്യക്തിനിയമം മതേതരത്വത്തിന് എതിരാണെന്നു ഡി.എം.കെ. അംഗം തിരുച്ചി ശിവ ആരോപിച്ചു. ബില്‍ ഭരണഘടനാവ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നു സമാജ്‌വാദി പാര്‍ട്ടി അംഗം ആര്‍.ജി. വെര്‍മ പറഞ്ഞു. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശൂന്യവേളയില്‍ ബി.ജെ.പി. അംഗം ഹര്‍നാഥ് സിങ് യാദവ് നോട്ടീസ് നല്‍കി.
ഏകീകൃത വ്യക്തിനിയമം തയാറാക്കാനും രാജ്യത്തു നടപ്പാക്കാനുമായി ദേശീയ പരിശോധനാ-അന്വേഷണസമിതി രൂപീകരിക്കണമെന്നു ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ മുമ്പും രാജ്യസഭയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവതരിപ്പിച്ചിരുന്നില്ല. സംസ്ഥാനത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണു ബി.ജെ.പി. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തില്‍ ഏഴാംതവണയും അധികാരത്തിലെത്തിയതോടെയാണു വിഷയം വീണ്ടും സജീവമായി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു കൊണ്ടുവരാന്‍ ബി.ജെ.പി. നീക്കമാരംഭിച്ചത്.
എന്താണ് സ്വകാര്യ ബില്‍?
രാജ്യസഭയില്‍ ഒരംഗത്തിന് ഒരു സമ്മേളനകാലത്തു നാല് ബില്ലുകള്‍വരെ അവതരിപ്പിക്കാം. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക നിയമനിര്‍മാണപ്രക്രിയയുടെ ഭാഗമല്ല. നടപ്പുസമ്മേളനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണു സ്വകാര്യ ബില്ലുകളുടെ അവതരണത്തിനു സമയം അനുവദിച്ചിരുന്നത്. സ്വകാര്യ ബില്ലുകള്‍ അവതരണത്തിനായി തെരഞ്ഞെടുക്കുന്നതു വോട്ടെടുപ്പിലൂടെയാണ്. ഓരോ സഭാസമ്മേളനത്തിലും നൂറിലേറെ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. അവതരണത്തിനുശേഷം ഇവ മാറ്റിവയ്ക്കപ്പെടാറാണു പതിവ്. പിന്നീട് മറ്റൊരു വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടാല്‍, തുടര്‍ന്നുള്ള സമ്മേളനങ്ങളില്‍ ആ ബില്ലിന്മേല്‍ ചര്‍ച്ച നടക്കും. നിയമനിര്‍മാണത്തിലുപരി ഏതെങ്കിലും പ്രത്യേകവിഷയത്തില്‍ പാര്‍ലമെന്റിന്റെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുകയാണു സ്വകാര്യ ബില്ലുകളുടെ ലക്ഷ്യം

