നിയന്ത്രണം നീക്കി: ആനകളെ സുഗമമായി കൊണ്ടുപോകാം

തൃശൂര്‍: ഇതര സംസ്ഥാനത്തു നിന്ന് നാട്ടാനകളെ കൊണ്ടുവരാനുള്ള തടസം നീങ്ങിയതോടെ ദേവസ്വങ്ങള്‍ക്കും ഉത്സവസംഘാടകര്‍ക്കും ആശ്വാസം. വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചതോടെ ആനകളെ കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങള്‍ ഒഴിവായി.

ഇതോടെ എഴുന്നള്ളിപ്പുകള്‍ സുഗമമായി നടക്കും. ഒപ്പം ആനകളെ എഴുന്നള്ളിച്ചശേഷം നിയന്ത്രണങ്ങളോടെ തിരിച്ചുകൊണ്ടുപോകാനും വഴി തുറക്കും. തൃശൂര്‍ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ മുന്‍െകെയെടുത്താണ് വിഷയത്തില്‍ ആവശ്യമായ നടപടികളെടുക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്രത്തെ സമീപിച്ചത്. ബില്‍ പാസായത് സുരേഷ് ഗോപിയുടെ കൂടി ഇടപെടലിന്റെ ഫലമായാണ്. കേരളത്തില്‍ നാട്ടാനകള്‍ വ്യാപകമായി ചരിഞ്ഞതോടെയാണ് ഉത്സവ പ്രതിസന്ധിയുണ്ടായത്.

വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതിക്കായാണ് ബില്‍ പ്രധാനമായും കൊണ്ടുവന്നത്. ആനകളെ കൊണ്ടുവരാന്‍ മുന്‍കൂര്‍ അനുമതി വേണം. ഉടമസ്ഥാവകാശ രേഖകള്‍ക്കു പുറമേ എന്തു രേഖകളാണ് െകെവശം വയ്‌ക്കേണ്ടതെന്ന കാര്യത്തില്‍ വന്യജീവി വകുപ്പ് ഉടന്‍ നയരേഖ പുറത്തിറക്കും. ആനകളെ വന്യജീവി നിയമത്തിനു കീഴില്‍ പെടുത്തിയതോടെയാണ് പലയിടത്തും വനംവകുപ്പിന്റെ ഇടപെടലുണ്ടായത്.

കരാര്‍ അടിസ്ഥാനത്തില്‍ ആനകളെ കൊണ്ടുവരാന്‍ അനുമതി വേണമെന്നായിരുന്നു ദേവസ്വങ്ങളുടേയും മറ്റും ആവശ്യം. ആനകളുടെ എണ്ണം കുറഞ്ഞതോടെ അവശേഷിക്കുന്ന ആനകള്‍ക്ക് വന്‍ തുക ഏക്കം ഇനത്തില്‍ നല്‍കേണ്ടി വരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഉത്സവാഘോഷങ്ങള്‍ നിലച്ചു പോകുമെന്ന ആശങ്കയുണ്ടായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

ഉത്സവങ്ങളില്‍ എഴുന്നള്ളിപ്പിന് കൂടുതല്‍ ആനകള്‍ എത്തിയാല്‍ ആന ഏക്കത്തില്‍ ഗണ്യമായ കുറവുണ്ടാകും. പാരമ്പര്യ ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിനും സഹായകരമാവും. സംസ്ഥാനത്ത് പലയിടത്തും ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്ക് എതിരേ വനംവകുപ്പ് കേസ് എടുത്തിരുന്നു. ഇതു വലിയ പ്രതിസന്ധിക്കിടയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →