2022 ഓഗസ്റ്റ് മൂന്നിന് ലോക്‌സഭ ബില്‍ പാസാക്കിയ 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും അംഗീകരിച്ചിരിക്കുകയാണ്. 2021 ഡിസംബര്‍ 17 നായിരുന്നു 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാമാറ്റ വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. ഡിസംബര്‍ 25ന് ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 2022 ഏപ്രില്‍ 21-ന് ബില്‍ ലോക്‌സഭയുടെ മുന്നിലെത്തി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതും വനഭൂമിയോടുചേര്‍ന്നുള്ള പ്രദേശം കൃഷിഭൂമിയായി ഉപയോഗിക്കുന്നതിലെ ദൂരപരിധി സംബന്ധിച്ചും കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ നിര്‍ദേശങ്ങളും ഭേദഗതികളും ഉന്നയിച്ചെങ്കിലും അവ വോട്ടിനിട്ട് തള്ളി.2022 ഓഗസ്റ്റ് മൂന്നിന് ലോക്‌സഭ ബില്‍ പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയും അംഗീകാരം നല്‍കി.
സവിശേഷത എന്ത് ?
വംശനാശഭീഷണി നേരിടുന്നതോ നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതോ ആയ ജീവികളെയോ അവയുടെ ശരീരഭാഗങ്ങളോ കടത്തിക്കൊണ്ടുപോവുന്നതും കയറ്റുമതിചെയ്യുന്നതും വിപണിയില്‍ വിറ്റഴിക്കുന്നതും കര്‍ശനമായി നിരോധിക്കുന്നത് സംബന്ധമായ സൈറ്റ്‌സ് എന്ന അന്തര്‍ദേശീയ ഉടമ്പടി നടപ്പിലാക്കുന്നതിനായുള്ള ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടുവെന്നതാണ് ബില്ലിന്റെ സവിശേഷതയായി ഉയര്‍ത്തിക്കാണിക്കുന്നത്. സൈറ്റ്‌സ് ഉടമ്പടിയുടെ പരിധിയില്‍ വരുന്ന ജീവിസ്പീഷീസുകളുടെ പട്ടിക വിപുലപ്പെടുത്തിയെന്നതും ബില്ലിന്റെ സവിശേഷതകളിലൊന്നാണ്. സംരക്ഷിതപ്രദേശങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നതും ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതും സംബന്ധിച്ച് നിലനിന്നിരുന്ന കര്‍ശനമായ വ്യവസ്ഥകള്‍ മയപ്പെടുത്തിയിട്ടുണ്ട്.
സംരക്ഷിതവനമേഖലയായി പ്രഖ്യാപിക്കാനും അധികാരം
വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും കടത്തിക്കൊണ്ടുപോവുന്നത് സംബന്ധമായ വ്യവസ്ഥകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.അധിനിവേശ സ്പീഷീസുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു. ഇതിലൂടെ അധിനിവേശസ്പീഷീസുകളായി കണക്കാക്കപ്പെടുന്നവയുടെ ഇറക്കുമതി, കൈവശംവയ്ക്കല്‍, വിപണനം, തദ്ദേശീയ ആവാസവ്യവസ്ഥകളിലെ പകര്‍ച്ച എന്നിവ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഇടപെടാനാവും. നമ്മുടെ നാട്ടില്‍ സ്വാഭാവികമായി കാണാത്തതും അന്യനാടുകളില്‍നിന്ന് കടന്നെത്തുന്നതുമായ ജീവികളെയാണ് അധിനിവേശ സ്പീഷീസുകള്‍ എന്നു പറയുന്നത്.
അന്യദേശങ്ങളില്‍നിന്നുമെത്തുന്ന സസ്യങ്ങളും ജന്തുക്കളും ഇതില്‍പ്പെടുന്നു. ഇവമൂലം കാര്‍ഷികവിളകള്‍ക്ക് നാശമുണ്ടാകുന്നു. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരാറിലാക്കുന്ന തരത്തില്‍ ഇവ പെറ്റുപെരുകുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. തദ്ദേശീയ സ്പീഷീസുകളുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കാം. വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള പ്രദേശം വന്യജീവികളുടെയും വനസസ്യങ്ങളുടെയും സംരക്ഷണാര്‍ഥം ‘സംരക്ഷിതവനമേഖല’യായി പ്രഖ്യാപിക്കാനും പുതിയനിയമം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നു