ഫര്‍സാനയുടെ മരണം: ഭര്‍ത്താവ് രണ്ടര വര്‍ഷത്തിനുശേഷം പിടിയില്‍

മേപ്പാടി: മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍സമദിനെ രണ്ടരവര്‍ഷത്തിനു ശേഷം തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സമദ് ഒളിവില്‍പോയിരുന്നു.

2020 ജൂണ്‍ 18നാണ് മേപ്പാടി റിപ്പണിലെ പോത്ത്കാടന്‍ അബ്ദുള്ളയുടെയും ഖമറുന്നീസയുടെയും മകള്‍ ഫര്‍സാനയെ (21) തമിഴ്‌നാട് ഗൂഡല്ലൂര്‍ രണ്ടാംമൈലിലെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച (4.12.22) വൈകിട്ട് അഞ്ചു മണിയോടെയാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്. ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് പിതാവ് അബ്ദുള്ള ഗുഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഗൂഡല്ലൂര്‍ ഡി.എസ്.പി. മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം പുനരാരംഭിച്ചത്. 2017 ഓഗസ്റ്റ് 15 നായിരുന്നു അബ്ദുള്‍സമദും ഫര്‍സാനയും വിവാഹിതരായത്.

ഇരുവരും കോവിഡ് കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ത്ഥം 2019ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്‌സില്‍ ഐട്യൂണ്‍ എന്ന പേരില്‍ മൊബൈല്‍ കട തുടങ്ങിക്കൊടുത്തയായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായ സമയത്തായിരുന്നു ഇത്. താനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന മകളുടെ മരണവിവരം രാത്രി വൈകിയാണ് അറിഞ്ഞതെന്നും പിറ്റേദിവസം വൈകിട്ട് വരെ മകളുടെ മൃതദേഹം കാണിക്കാന്‍ പോലീസ് ഉള്‍പ്പടെ തയാറായില്ലെന്നും അബ്ദുള്ള പരാതിയില്‍ പറയുന്നു. കോവിഡ് കാലത്ത് രണ്ടാം മൈലിലെ വാടകവീട്ടില്‍ കഴിയുകയായിരുന്ന ഫര്‍സാനയും താനും തമ്മില്‍ കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കം ഉണ്ടാവുകയും മുറിക്കകത്തുകയറി വാതിലടച്ച ഫര്‍സാന ഏറെനേരം കഴിഞ്ഞും വാതില്‍ തുറക്കാത്ത സാഹചര്യത്തില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോള്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടതായുമാണ് ഭര്‍ത്താവ് അബ്ദുള്‍ സമദ് പോലീസിനോട് പറഞ്ഞത്.

ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍ സമദ് സമീപവാസികളോടും മറ്റും പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. ഫര്‍സാനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതി അബ്ദുള്‍ സമദിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →