വടകര: ട്രെയിന്‍ യാത്രയുടെ തുടക്കംമുതല്‍ അവസാനം വരെ കമ്പാര്‍ട്ട്മെന്റില്‍ വെള്ളമില്ലാതിരുന്ന സംഭവത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്കിയ യാത്രക്കാരന് 10,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്കാന് വിധി.
കൃഷ്ണന് ചേലേമ്പ്ര, ഭാര്യ നളിനി എന്നിവര്‍ 2015 ഡിസംബര്‍ 13നു മുംബൈ പനവേലില്‍നിന്ന് വടകരയ്ക്കു യാത്ര ചെയ്ത നേത്രാവതി എക്സ്പ്രസിലാണ് ദുരനുഭവമുണ്ടായത്. ശബരിമല സീസണായതിനാല്‍ നിരവധി തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുപ്പിവെള്ളം വാങ്ങിയാണ് പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിച്ചത്.
ഇതേ ദമ്പതികള്‍ ഡിസംബര്‍ നാലിനു വടകരയില്‍നിന്ന് പനവേലിലേക്ക് മംഗള എക്സ്പ്രസില്‍ യാത്ര ചെയ്തപ്പോള്‍ ശുചിമുറിയുടെ ജനല്‍ തകര്‍ന്നനിലയിലും പൈപ്പ് കണക്ഷന് വേര്‍പെട്ട നിലയിലുമായിരുന്നു. ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്നതിനുമുമ്പ് ജലം സംഭരിച്ചിരുന്നുവെന്നും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെന്നുമുള്ള റെയില്‍വേയുടെ വാദമുഖങ്ങളെ നിരാകരിച്ചാണ് പി.സി. പൌലോച്ചന് അധ്യക്ഷനും എസ്. പ്രിയ, വി. ബാലകൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധി പ്രസ്താവിച്ചത്.

