അഞ്ചു കോടിയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: അഞ്ചുകോടി രൂപയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. അജിത്ത് കെ. രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂര്‍ ചെറുപുഴ റോഡില്‍ പാടിയോട്ടുചാലിന് സമീപത്തുനിന്നാണ് കസ്തൂരി പിടികൂടിയത്.

പാടിയോട്ടുചാലിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുള്ള ആള്‍താമസമില്ലാതെ ഒരു പഴയ വീടിന് സമീപത്തുനിന്ന് കസ്തൂരി മാനില്‍ നിന്നു ശേഖരിച്ച കസ്തൂരി പത്തനംതിട്ട സ്വദേശികള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിമംഗലം കൊവ്വപ്രത്തെ റഹീമ മന്‍സിലില്‍ എം. റിയാസ് (35), പാടിച്ചാല്‍ ഞെ€ിയിലെ കൊമ്മച്ചി ഹൗസില്‍ തെക്കെ പാറമ്മല്‍ ടി.പി. സാജിദ് (40), വയക്കര കുറ്റിക്കാട്ടൂര്‍ വീട്ടില്‍ കെ. ആസിഫ് (31) എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഴയങ്ങാടി നെരുവമ്പ്രം സ്വദേശി വി.പി. വിനീതി(27)നെ തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി. രതീശന്‍ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശികള്‍ കസ്തൂരി വാങ്ങുന്നതിനായി പയ്യന്നൂരില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അഞ്ചു കോടി രൂപയ്ക്കു വില പറഞ്ഞ് ഉറപ്പിച്ചാണ് സംഘം വില്‍പ്പനയ്ക്കായി ഒരുങ്ങിയത്. വന്യജീവി സംരക്ഷണനിയമം 1972ലെ ഷെഡ്യൂള്‍ ഒന്ന് എ.യില്‍പെട്ട് സംരക്ഷിച്ചുവരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്തൂരി ശേഖരിക്കുന്നത്. ഇത് മൂന്നുമുതല്‍ എട്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികളുടെ മോഹവിലയാണ് അനധികൃത വ്യാപാരികള്‍ നല്‍കുന്നത്.

ഈ കുറ്റകൃത്യം പിടികൂടുന്നതിന് കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റര്‍ കെ.വി. ജയപ്രകാശന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ (ഗ്രേഡ്) കെ. ചന്ദ്രന്‍, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി. ഹരിദാസ്, ലിയാണ്ടര്‍ എഡ്വേര്‍ഡ്, കെ.വി. ശിവശങ്കര്‍, പി.പി. സുബിന്‍, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി. പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു. കേസ് തുടര്‍നടപടികള്‍ക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. നിലമ്പൂരില്‍ നിന്നാണ് തങ്ങള്‍ക്ക് കസ്തൂരി ലഭിച്ചതെന്നാണു പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞതെന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. രതീശന്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഫോറസ്റ്റ് റേഞ്ചിലും ഹിമാലയത്തിന്റെ താഴ്‌വരയിലുമാണ് നിലവില്‍ കസ്തൂരിമാനുകളെ കാണപ്പെടുന്നത്. അവിടെനിന്നു കള്ളക്കടത്തായി നിലമ്പൂരില്‍ എത്തിച്ചതാണിതെന്നു കരുതപ്പെടുന്നു. പിടികൂടിയ സാമ്പിള്‍ ഡി.എന്‍.എ. പരിശോധനക്ക് വിധേയമാക്കിയായിരിക്കും ഇത് ഒറിജിനലാണോ എന്നു സ്ഥീരീകരിക്കുക. കസ്തൂരിയുടെ തനതായ മണം പിടികൂടിയ കസ്തൂരിക്ക് ഉണ്ടെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. വനവിഭവങ്ങളുടെ കള്ളക്കടത്തില്‍ ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്നത് കസ്തൂരിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →