ആഴ്ചത്തുടക്കം ഓഹരി വിപണികളില്‍ ചാഞ്ചാട്ടം

മുംബൈ: ഓഹരിവിപണികളില്‍ ആഴ്ചയിലെ ആദ്യവ്യാപാരദിനം ചാഞ്ചാട്ടം. ബോംബെ സെന്‍സെക്‌സ് നേരിയ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.03 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 33.9 പോയിന്റ് താഴ്ന്ന് 62,834.60 പോയിന്റിലെത്തിയപ്പോള്‍ നിഫ്റ്റി 4.95 പോയിന്റുയര്‍ന്ന് 18,701.05 പോയിന്റില്‍ ഡിസംബർ 5 ന് ഇടപാടുകള്‍ അവസാനിപ്പിച്ചു.

വ്യാപാരദിനത്തിലുടനീളം ഏറിയും കുറഞ്ഞുമുള്ള പ്രകടനത്തിനുശേഷമാണ് സെന്‍സെക്‌സ് നേരിയ നഷ്ടത്തിലേക്കു വീണത്. രാജ്യാന്തര എണ്ണവിപണിയില്‍ വില 1.4 ശതമാനം ഉയര്‍ന്നത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു.ഒപ്പം മൂന്നു ദിവസത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യോഗം സംബന്ധിച്ച ആശങ്കകളും ഇടപാടുകാരെ സ്വാധീനിച്ചു. ധനനയ അവലോകനാര്‍ഥമുള്ള യോഗം ഇന്നലെയാണ് ആരംഭിച്ചത്. നിര്‍ണായക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നാളെയുണ്ടാകും. ഒപ്പം ഈയാഴ്ച നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവരുന്നതുകൂടി കണക്കിലെടുത്ത് കരുതലോടെ നീങ്ങുകയെന്ന തന്ത്രപരമായ സമീപനം ഇടപാടുകാര്‍ സ്വീകരിച്ചതോടെ വിപണികളില്‍ ചാഞ്ചാട്ടമായി.

ലോഹ ഓഹരികള്‍ പ്രകടിപ്പിച്ച മുന്നേറ്റം വലിയ തകര്‍ച്ചയിലേക്കു വീഴുന്നതില്‍നിന്ന് സെന്‍സെക്‌സിനു താങ്ങായി. ബാങ്കിങ്, റിയല്‍റ്റി ഓഹരികളും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. ഐടി, എണ്ണ, ഗ്യാസ്, ഫാര്‍മ ഓഹരികള്‍ അപായരേഖയിലായിരുന്നു. ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവ നേട്ടം സ്വന്തമാക്കിയവയില്‍ മുന്നിലെത്തി. ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ് എന്നിവയ്ക്കു തിരിച്ചടി നേരിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →