ന്യൂഡല്‍ഹി: 2023 സെപ്റ്റംബര്‍ ഒമ്പത്, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടി സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഡിസംബര്‍ 5ന് രാഷ്ട്രപതിഭവനിലാണ് യോഗം. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചര്‍ച്ചചെയ്യുകയും തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്. 40 ഓളം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിഡന്റുമാരെയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി യോഗത്തിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് ജി 20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും.
ജി 20 ഉച്ചകോടി: രാഷ്ട്രപതി ഭവനില്‍ സര്‍വകക്ഷി യോഗം
