ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍

ടെഹ്‌റാന്‍: രണ്ടു മാസത്തിലേറെയായി നീളുന്ന ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍. വിവാദമായ മതകാര്യ പോലീസിനെ പിരിച്ചുവിട്ട് ഇബ്രാഹിം റെയ്‌സി ഭരണകൂടം.

ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലായ മഹ്‌സ അമിനി(22) കഴിഞ്ഞ സെപ്റ്റംബര്‍ 16-നു പോലീസ് കസ്റ്റഡിയില്‍ മരിച്ചതോടെയാണ് ഇറാനില്‍ പ്രക്ഷോഭം തുടങ്ങിയത്. രാജ്യത്താകമാനം പടര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. പലയിടത്തും യുവതികള്‍ പരസ്യമായി ഹിജാബ് കത്തിച്ച് പ്രതിഷേധം നടത്തി. ഇതോടെയാണ് മതകാര്യ പോലീസ് നിര്‍ത്തലാക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മതകാര്യ പോലീസിനെ പിന്‍വലിച്ചതായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മതകാര്യ പോലീസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ല, അത് നിര്‍ത്തലാക്കപ്പെട്ടു- അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി പറഞ്ഞു. സ്ത്രീകള്‍ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പാര്‍ലമെന്റും നീതിന്യായ സംവിധാനവും കൂടിയാലോചനകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം മൊണ്ടസേരി വ്യക്തമാക്കിയിരുന്നു.

യു.എസ്. പിന്തുണയുള്ള രാജവാഴ്ച അട്ടിമറിച്ച് 1979-ല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഭരണകൂടം സ്ഥാപിച്ചശേഷമാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കര്‍ശനമായ വസ്ത്രധാരണരീതി ഏര്‍പ്പെടുത്തിയത്. 1983-ല്‍ ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാക്കി. മഹ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റായിരുന്നപ്പോഴാണ് വിനയത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം പ്രചരിപ്പിക്കാനെന്ന ലക്ഷ്യവുമായി ഗാഷ്ത്-ഇ ഇര്‍ഷാദ് എന്ന പേരില്‍ മതകാര്യ പോലീസ്(സദാചാര പോലീസ്) സ്ഥാപിച്ചത്. ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കുന്നതിനായി 2006-ല്‍ അവര്‍ പട്രോളിങ് ആരംഭിച്ചു. തീവ്ര യാഥാസ്ഥിതികനായ ഇബ്രാഹിം റെയ്‌സി പ്രസിഡന്റായതോടെയാണ് മതകാര്യ പോലീസ് ശക്തമാക്കിയത്. ശിരോവസ്ത്ര നിയമം ശക്തമായി നടപ്പാക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയതോടെ പട്രോളിങ്ങും വ്യാപകമാക്കി. അതിനിടെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് മഹ്‌സ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇതിനെതിരേ സര്‍വകലാശാല വിദ്യാര്‍ഥികളാണ് ആദ്യം പ്രക്ഷോഭം തുടങ്ങിയത്. മുടിമുറിച്ചും ഹിജാബ് കത്തിച്ചും ആരംഭിച്ച പ്രക്ഷോഭം രാജ്യമെമ്പാടും പടര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തല്‍ നടപടിയില്‍ ഇറാനില്‍ 450 പേര്‍ കൊല്ലപ്പെട്ടതായാണ് ഓസ്‌ലോ ആസ്ഥാനമായുള്ള സര്‍ക്കാരിതര സംഘടനയായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →