‘കാട്ടിറച്ചി കടത്തി’: ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കൽ ഉത്തരവ്

മൂന്നാര്‍: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാൽ ഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുത്തത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് 2022 സെപ്റ്റംബർ 20-നാണ് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. 2022 നവംബർ മാസമാണ് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസ‍ർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി എസ് സി എസ് ടി കമ്മീഷന് പരാതി നൽകിയത്.

കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നി‍ർദ്ദേശം നൽകിയത്. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്നാണ് നിർദേശം. തുടർ നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി പീരുമേട് ഡി.വൈ.എസ്പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മുൻകൂട്ടി അറിയിച്ചിട്ടും പീരുമേട് ഡി.വൈ.എസ്പി ഹാജരാകാത്തതിൽ കമ്മീഷൻ അതൃപ്തിയും രേഖപ്പെടുത്തി. മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമായിട്ടും സരുൺ സജിക്കെതിരെയുള്ള കേസ് പിൻവലിക്കാത്തത് എന്തു കൊണ്ടാണെന്ന് വനം വകുപ്പിനു വേണ്ടി ഹാജരായ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി.ജയചന്ദ്രനോട് കമ്മീഷൻ ആരാഞ്ഞു. പിടികൂടിയ ഇറച്ചിയുടെ പരിശോധന ഫലം വരാത്തതിനാലാണ് തുടർ നടപടി സ്വകരിക്കാത്തതെന്നാണ് വനം വകുപ്പിൻറ മറുപടി. വനം വകുപ്പു നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →