തൃശൂര്‍: ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നിബന്ധന കര്‍ശനമായി നടപ്പിലാക്കും. ദേശീയപാത നാലു വരിയായി കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേഗം കുറച്ചു സഞ്ചരിക്കുന്ന വാഹനങ്ങള്‍ (വലിയ ചരക്കു വാഹനങ്ങള്‍, ട്രെയിലറുകള്‍ തുടങ്ങിയവ) റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗം കൂടിയ വാഹനങ്ങള്‍ പാതയുടെ വലതുവശത്തുള്ള ട്രാക്കിലൂടെ പോകണം. വാഹനം കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ഇടതുവശത്തെ ട്രാക്ക് തെരഞ്ഞെടുക്കണം. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സുരക്ഷിതമായ അകലം പാലിച്ചു മുന്നില്‍ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടിമാത്രം ഓവര്‍ടേക്ക് ചെയ്യണമെന്നും പോലീസ് നിര്‍ദേശിച്ചു.
ദേശീയപാതകളില്‍ പോലീസ് നടത്തുന്ന പരിശോധനയില്‍ ലൈന്‍ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അവ തടഞ്ഞുനിര്‍ത്തില്ല. എന്നാല്‍, വീഡിയോ കാമറ, ഡാഷ് കാമറ, ശരീരത്തില്‍ ധരിക്കുന്ന കാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യം കണ്ടെത്തും. ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പോലീസിന്റെ ശുഭയാത്ര ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9747001099 ലേക്കു പൊതുജനങ്ങള്‍ക്ക് വാട്‌സ് ആപ്പ് ആയി അയയ്ക്കാം. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.

