ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍.ഡി.ടി.വി.) അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക്. ഇതിന്റെ ഭാഗമായി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും എന്‍.ഡി.ടി.വി. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു രാജിവച്ചു. ഇവരുടെ രാജിക്കുപിന്നാലെ എന്‍.ഡി.ടിവിയുടെ പ്രമുഖമാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറും രാജിവച്ചു. പ്രണോയ് റോയ് എന്‍.ഡി.ടി.വി. ചെയര്‍പഴ്‌സനും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. മൂന്ന് പതിറ്റാണ്ട് മുന്നില്‍നിന്ന് എന്‍.ഡി.ടി.വിയെ നയിച്ചശേഷമാണു പ്രണോയ് നിയന്ത്രണം ഗൗതം അദാനിക്കു കൈമാറുന്നത്.
സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അനുമതി നല്‍കി. എന്‍.ഡി.ടി.വിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍.എച്ചിന് കമ്പനിയില്‍ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിനു പുറമേ വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടിയും അന്തിമ ഘട്ടത്തിലാണ്.
3.5 കോടി പ്രേക്ഷകരാണ് എന്‍.ഡി.ടി.വിക്കുള്ളതെന്നാണു കണക്ക്. സ്ഥാപനത്തെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുകയാണു ലക്ഷ്യമെന്നാണ് അദാനി പറയുന്നത്.
10 വര്‍ഷം മുമ്പാണ് എന്‍.ഡി.ടി.വിയില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍നിന്ന് 360 കോടി രൂപ കടംവാങ്ങി പിടിച്ചുനില്‍ക്കാനുള്ള ശ്രമവും പാളി. സാമ്പത്തിക പ്രതിസന്ധികള്‍ക്കൊടുവിലാണു സ്ഥാപനം അദാനിയുടെ നിയന്ത്രണത്തിലാകുന്നത്.