തൃശ്ശൂർ: രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കേരള കാർഷിക സർവ്വകലാശയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് സിപിഎം അനുകൂല സംഘടന. ഇവർ നടത്തുന്ന സമരം 50-ാം ദിവസത്തിലേക്ക് കടന്നു. ഓഫീസ് ഉപരോധിച്ചാണ് സമരം. സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി വി ഡെന്നിയെ തരംതാഴ്ത്തുകയാണ് ചെയ്തത്. ഇതിനെതിരായാണ് അസോസിയേഷൻ സമരം ചെയ്യുന്നത്.
വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടി. ഗവർണറുടെ നീക്കത്തിന് പിന്നാലെ സമര സമിതി കൃഷിമന്ത്രിക്ക് ആവശ്യങ്ങളുന്നയിച്ച് കത്തു നൽകി. സമര സമിതിയുടെ കത്ത് പരിഗണിച്ച് കൃഷി മന്ത്രി പി പ്രസാദ് സമരക്കാരെ വരും ദിവസങ്ങളിൽ ചർച്ചയ്ക്ക് വിളിക്കാൻ സാധ്യതയുണ്ട്. സമരം നടക്കുന്നതിനാൽ ക്ലാസുകൾ മുടങ്ങി. രജിസ്ട്രാർക്ക് ഇവിടേക്ക് വരാൻ കഴിയുന്നില്ല. ജീവനക്കാരിൽ ഭൂരിഭാഗവും സമരത്തിലായതിനാൽ ഓഫീസ് പ്രവർത്തനങ്ങളും താളം തെറ്റി. സമരം ഒത്തുതീർപ്പാകുംവരെ കാർഷിക സർവ്വകലാശാലയിലെ ഭരണ സ്തംഭനം തുടരും
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ റാങ്കിങ്ങിൽ കഴിഞ്ഞ കൊല്ലം 28 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ കാർഷിക സർവ്വകലാശാല ഇനിയും താഴേക്ക് പോകാനുള്ള വഴിയൊരുങ്ങുകയാണ്. കൃഷിമന്ത്രിയും സർവകലാശാല ജനറൽ കൗൺസിലംഗം മന്ത്രി കെ രാജനും സമരം കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ കഴിഞ്ഞ ദിവസം ചാൻസലർ കൂടിയായ ഗവർണർ വൈസ് ചാൻസിലറുടെ ചുമതല വഹിക്കുന്ന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷ്ണർ ഇഷിത റോയിയോട് റിപ്പോർട്ട് തേടി. സമരക്കാരുടെ വിശദാംശങ്ങളും ആരാഞ്ഞു.